പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ട് കർണാടക

പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ട് കർണാടക

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രതിയായ എംപി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ട് കർണാടക സർക്കാർ. പ്രജ്വലിന്‍റെ പാസ്പോർട്ട് ഉടനടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ കത്തെഴുതി. ഇക്കാര്യം കേന്ദ്ര സര്‍ക്കാർ പരിഗണിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഒരു മാസത്തോളമായി ജർമനിയിൽ ഒളിവിൽ കഴിയുന്ന പ്രജ്വലിനെ തിരികെ കൊണ്ടുവരാൻ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് സിദ്ധരാമയ്യ കത്തിൽ ആവശ്യപ്പെട്ടു. ഗുരുതരമായ കുറ്റങ്ങൾ ചെയ്ത പ്രജ്വൽ രാജ്യം വിടാനും ഒളിവിൽ പോകാനും നയതന്ത്ര പാസ്പോർട്ട് ദുരുപയോഗം ചെയ്തു എന്നത് തന്നെ പാസ്പോർട്ടിന്‍റെ നയതന്ത്ര പരിരക്ഷ റദ്ദാക്കാനുള്ള മതിയായ കാരണമാണെന്ന് സിദ്ധരാമയ്യ കത്തിൽ ചൂണ്ടിക്കാട്ടി.

ജെഡിഎസിൽ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട പ്രജ്വൽ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിൻ്റെ വീഡിയോകൾ പ്രചരിക്കാൻ തുടങ്ങിയതിന് പിന്നാലെ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അതേസമയം വീഡിയോ മോർഫ് ചെയ്തതാണെന്ന് പ്രജ്വൽ രേവണ്ണ അവകാശപ്പെട്ടു. ബലാത്സംഗം, പീഡനം, ഭീഷണിപ്പെടുത്തൽ, എന്നീ കുറ്റങ്ങളാണ് പ്രജ്വലിനെതിരെ ഉള്ളത്. ഇൻ്റർപോൾ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം, വിഷയം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ച് നീതി ഉറപ്പാക്കാൻ തൻ്റെ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യ കത്തിൽ കൂട്ടിച്ചേർത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *