അഴിമതി ആരോപണം ; സസ്പെൻഷനിലായ യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥർക്ക് സിബിഐ നോട്ടീസ്

അഴിമതി ആരോപണം ; സസ്പെൻഷനിലായ യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥർക്ക് സിബിഐ നോട്ടീസ്

ബെംഗളൂരു: മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ബാങ്ക് ഉദ്യോഗസ്ഥർക്ക് സിബിഐ നോട്ടീസ് അയച്ചു. യൂണിയൻ ബാങ്ക് മാനേജർ സുചിസ്മിത റൗൾ, ബാങ്ക് ബ്രാഞ്ച് മേധാവി ദീപ എസ്, കൃഷ്ണമൂർത്തി എന്നിവർക്കാണ് അടിയന്തര ഹിയറിംഗിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്.

സി.ബി.ഐക്ക് പിന്നാലെ ഇ.ഡിയും കേസിൽ അന്വേഷണം നടത്തുന്നുണ്ട്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ട് ഏജൻസികളും കേസുകൾ രജിസ്റ്റർ ചെയ്തത്.

ഇഡി ഉദ്യോഗസ്ഥർ സിബിഐയിൽ നിന്നും വിവരങ്ങൾ ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. അനധികൃത പണമിടപാട് (ഹവാല) സംബന്ധിച്ച് പരാതി ലഭിച്ചതോടെ നിർണായക വിവരങ്ങൾ സിബിഐയിൽ നിന്ന് ശേഖരിച്ചതായി ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.

കോര്‍പ്പറേഷനിലെ അക്കൗണ്ട് സൂപ്രണ്ടായിരുന്ന ചന്ദ്രശേഖര്‍ പി ജീവനൊടുക്കിയതിനു പിന്നാലെയാണ് അഴിമതിയെപ്പറ്റിയുള്ള കാര്യങ്ങള്‍ വെളിച്ചത്തുവന്നത്. ചന്ദ്രശേഖര്‍ ജീവനൊടുക്കുന്നതിന് മുമ്പ് എഴുതിയ കത്തിലാണ് അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വാല്‍മീകി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ വിവിധ പദ്ധതികള്‍ക്കായുള്ള 187 കോടി രൂപയില്‍ 88.62 കോടി രൂപ അനധികൃതമായി ചില ഐടി കമ്പനികളുടെ ബാങ്ക് അക്കൗണ്ടിലേക്കും ഹൈദരാബാദിലെ ഒരു സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്കും അയച്ചിരുന്നതായി കത്തില്‍ ആരോപിച്ചിരുന്നു.

നിലവില്‍ സസ്‌പെന്‍ഷനിലായ കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടര്‍ ജെ ജി പദ്ഭനാഭ്, അക്കൗണ്ട്‌സ് ഓഫീസര്‍ പരശുറാം ജി ദുരുകണ്ണവര്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ സുചിസ്മിത എന്നിവരുടെ പേരും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥരിലേക്ക് നീളുന്നത്. അഴിമതി ആരോപണം ഉയർന്നതോടെ വകുപ്പ് മന്ത്രി ബി. നാഗേന്ദ്ര കഴിഞ്ഞദിവസം രാജി വെച്ചിരുന്നു.

TAGS: SCAM| KARNATAKA| FRAUD
SUMMARY: cbi serves notice to suspended officers on uniom bank scam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *