നഗരത്തിൽ 890 എഐ കാമറകൾ കൂടി സ്ഥാപിക്കാനൊരുങ്ങി സിറ്റി പോലീസ്

നഗരത്തിൽ 890 എഐ കാമറകൾ കൂടി സ്ഥാപിക്കാനൊരുങ്ങി സിറ്റി പോലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ സുരക്ഷ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 500-ലധികം സ്ഥലങ്ങളിൽ 890 എഐ അടിസ്ഥാനമാക്കിയുള്ള സിസിടിവി കാമറകൾ സ്ഥാപിക്കാൻ നിർദേശവുമായി സിറ്റി പോലീസ്.

നഗരത്തിന് ചുറ്റുമുള്ള 3,000ത്തോളം പ്രധാന സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 7,500 കാമറകൾക്ക് പുറമെയാണിവ. നിലവിലുള്ളവയിൽ 2,500 എണ്ണം പ്രവർത്തനരഹിതമാണ്.

സിറ്റി പോലീസിൻ്റെ അഡ്മിനിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഇത് സംബന്ധിച്ച് ബിഇഎല്ലുമായി ഉടൻ കരാർ ഒപ്പുവെക്കും. നഗരത്തിൽ മുമ്പ് സ്ഥാപിച്ച കാമറകൾ ബിഎസ്എൻഎല്ലുമായി സഹകരിച്ചായിരുന്നു. ജൂൺ അവസാനത്തോടെ 2,500 കാമറകൾ പുനരുജ്ജീവിപ്പിക്കുകയും കമാൻഡ് സെൻ്ററുമായി ബന്ധിപ്പിക്കുകയും ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.

ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ പോലീസിനെ സഹായിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് എഐ കാമറകൾ. സേഫ് സിറ്റി പദ്ധതിക്ക് കീഴിൽ വരാനിരിക്കുന്ന 890 നൂതന സാങ്കേതിക കാമറകൾ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കമാൻഡ് സെൻ്ററുമായി ബന്ധിപ്പിച്ചിരിക്കുന്ന കാമറകൾ ക്രമസമാധാനപാലനത്തിനും ട്രാഫിക് മാനേജ്മെൻ്റിനും ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ, എട്ട് ഡ്രോൺ കാമറകൾ വാങ്ങാനും ബെംഗളൂരുവിലുടനീളം 150 വാച്ച് ടവറുകൾ സ്ഥാപിക്കാനും പോലീസ് നിർദേശിച്ചിട്ടുണ്ട്. ഇതുകൂടാതെ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ, ക്രിക്കറ്റ് സ്റ്റേഡിയം തുടങ്ങിയ പൊതുസ്ഥലങ്ങളിൽ അത്യാധുനിക സവിശേഷതകളുള്ള എട്ട് ഹൈ-ഡെഫനിഷൻ കാമറകൾ സ്ഥാപിക്കാൻ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *