കളര്‍കോട് അപകടം; കാറോടിച്ച വിദ്യാര്‍ഥി ഗൗരീശങ്കര്‍ പ്രതി

കളര്‍കോട് അപകടം; കാറോടിച്ച വിദ്യാര്‍ഥി ഗൗരീശങ്കര്‍ പ്രതി

ആലപ്പുഴ: അഞ്ച് മെ‌ഡിക്കല്‍ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാറോടിച്ച വിദ്യാർഥി ഗൗരീശങ്കർ പ്രതി. ആലപ്പുഴ സൗത്ത് പോലീസാണ് അപകടവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസില്‍ ഗൗരീശങ്കറിനെ പ്രതിയാക്കി കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചത്. കെഎസ്‌ആർടിസി ഡ്രൈവറെ പ്രതിയാക്കി ആദ്യം രജിസ്റ്റ‌ർ ചെയ്‌ത എഫ്‌ഐആർ റദ്ദാക്കിയാണ് പുതിയ റിപ്പോർട്ട്.

അപകടത്തിന് തൊട്ടുമുമ്പ് കെഎസ്‌ആർടിസി ബസിനെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തില്‍ ഗൗരീശങ്കറിന്റെ കാഴ്‌ച മറഞ്ഞിരിക്കാമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിഗമനം. അപകടമുണ്ടായത് തെട്ടുപിന്നിലെ വാഹനത്തെ മറികടക്കുന്നതിനിടെ ആണെന്ന് ഗൗരീശങ്കർ മൊഴി നല്‍കിയിരുന്നു. മുമ്പിലുണ്ടായിരുന്ന കാറിനെ വലതുവശം വഴി മറികടക്കുമ്പോൾ ഉദ്ദേശിച്ച വേഗം കിട്ടിയില്ല.

എതിർവശത്ത് നിന്ന് കെഎസ്‌ആർടിസി ബസ് വരുന്നത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടി. വാഹനം നിയന്ത്രണംവിട്ട് വലതുവശത്തേക്ക് തെന്നിമാറിയാണ് ബസില്‍ ഇടിച്ചുകയറിയതെന്നും തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര സ്വദേശി ഗൗരീശങ്കർ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അപകടത്തില്‍ പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന മൂന്ന് പേരില്‍ എടത്വ സ്വദേശി ആല്‍വിൻ ജോർജിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിലാണ് കൊണ്ടുപോയത്. കൊല്ലം പോരുവഴി കാർത്തിക വീട്ടില്‍ ആനന്ദ് മനു, ചേർത്തല മണപ്പുറത്ത് വീട്ടില്‍ കൃഷ്‌ണദേവ് എന്നിവരുടെ നില കുറച്ച്‌ മെച്ചപ്പെട്ടതോടെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി.

ഗൗരീശങ്കറും കൊല്ലം ചവറ വെളുത്തേടത്ത് മക്കത്തില്‍ മുഹ്‌സിനും ചികിത്സയില്‍ തുടരുകയാണ്. പരുക്കേറ്റില്ലെങ്കിലും കടുത്ത മാനസികാഘാതം നേരിട്ട തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്‌ൻ ഡെൻസ്റ്രണ്‍ ഇന്നലെ മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങി. തിങ്കളാഴ്‌ച രാത്രി അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ഒന്നാം വർഷ മെഡിക്കല്‍ വിദ്യാർഥികളായ 11പേരാണ് ഉണ്ടായിരുന്നത്.

TAGS : KALARCODE ACCIDENT
SUMMARY : kalarcode accident; Gauri Shankar, the student who drove the car, is accused

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *