‘വയനാട്ടിൽ ജയിക്കാൻ കോൺഗ്രസ് പോപ്പുലർ ഫ്രണ്ട് സഹായം തേടി:’ നരേന്ദ്ര മോദി

‘വയനാട്ടിൽ ജയിക്കാൻ കോൺഗ്രസ് പോപ്പുലർ ഫ്രണ്ട് സഹായം തേടി:’ നരേന്ദ്ര മോദി

ബെംഗളൂരു: വയനാട് സീറ്റ് വിജയിക്കാൻ കോൺഗ്രസ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പിന്തുണ തേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടിനായി കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗിച്ചെന്നും ഭീകരവാദത്തിന് തണലൊരുക്കുന്ന രാജ്യവിരുദ്ധ സംഘടനയായ പി.എഫ്.ഐയെ സര്‍ക്കാര്‍ നിരോധിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ബലഗാവിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “കോൺഗ്രസ് പിഎഫ്ഐയെ വോട്ടിനായി ഉപയോഗിച്ചു. തീവ്രവാദത്തിന് അഭയം നൽകുന്ന, മോദി സർക്കാർ നിരോധിച്ച, ദേശവിരുദ്ധ സംഘടനയാണിത്. ഒരു സീറ്റിൽ ജയിക്കാൻ വേണ്ടി മാത്രം തീവ്രവാദ സംഘടനയായ പിഎഫ്ഐയെ പിന്തുണയ്ക്കുകയാണ് കോൺഗ്രസ്.” റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദി പറഞ്ഞു.

 

“കോൺഗ്രസ് നിങ്ങളുടെ സ്വത്ത്, സമ്പത്ത്, ആഭരണങ്ങൾ, താലിമാല എന്നിവയുടെ എക്സ് റേ എടുക്കും. അവർ ഓരോ വീടുകളും റെയ്ഡ് ചെയ്ത് നിങ്ങളുടെ സ്വത്ത് തട്ടിയെടുക്കുകയും, അത് അവരുടെ പ്രിയപ്പെട്ട വോട്ടർമാർക്ക് പുനർവിതരണം ചെയ്യുകയും ചെയ്യും,” പ്രധാനമന്ത്രി മോദി പറഞ്ഞു.

കോവിഡ് വാക്‌സിനെ ചോദ്യം ചെയ്തത് മുതൽ ഇവിഎമ്മുകളെ സംശയിക്കുന്നത് ഉൾപ്പെടെ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് ഒരു അവസരവും ഒഴിവാക്കിയില്ല. ഇക്കാര്യത്തിൽ കോൺഗ്രസിനെ സുപ്രീം കോടതി പോലും ശാസിച്ചു. ആരുടെ നിർദ്ദേശങ്ങൾക്കു കീഴിലാണ് കോൺഗ്രസ് ഇത്രയുമെല്ലാം ചെയ്യുന്നത്? ഇവിഎമ്മുകളെക്കുറിച്ചുള്ള കോൺഗ്രസിൻ്റെ നുണകളും കിംവദന്തികളും ഈ രാജ്യത്തെ ജനാധിപത്യത്തിന് അപമാനമല്ലാതെ മറ്റൊന്നുമല്ല വരുത്തിയത്. അതിന് മാപ്പ് പറയണം!”

അടുത്തിടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് കൗണ്‍സിലറുടെ മകള്‍ നേഹ കൊല്ലപ്പെട്ട സംഭവത്തിലും മോദി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രീണനത്തിനാണ് മുന്‍ഗണന കൊടുക്കുന്നത്. അവരെ സംബന്ധിച്ച് നേഹയേപ്പോലുള്ള മക്കളുടെ ജീവന് യാതൊരു വിലയുമില്ല. വോട്ട് ബാങ്ക് മാത്രമാണ് അവരുടെ ലക്ഷ്യം, മോദി ആരോപിച്ചു.

ശനിയാഴ്ച രാത്രി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുന്ദനഗരി ബെൽഗാമിലെത്തിയ പ്രധാനമന്ത്രിയെ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും മറ്റ് പാര്‍ട്ടി പ്രമുഖരും ചേര്‍ന്ന് സ്വീകരിച്ചു.  ഞായറാഴ്ച ബെലഗാവി, ഉത്തരകന്നഡ, ദാവണഗെരെ, ബല്ലാരി എന്നീ നാല് വൻ തിരഞ്ഞെടുപ്പ് റാലികളാണ് മോദി പങ്കെടുത്തത്. ഇവയുൾപ്പെടെ 14 മണ്ഡലങ്ങളിൽ മേയ് ഏഴിനാണ് തിരഞ്ഞെടുപ്പ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *