അര്‍ജന്‍റീനയ്‌ക്ക് കോപ്പ അമേരിക്ക കിരീടം; കൊളംബിയയെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

അര്‍ജന്‍റീനയ്‌ക്ക് കോപ്പ അമേരിക്ക കിരീടം; കൊളംബിയയെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

ഫ്ളോറിഡ: കോപ്പ അമേരിക്ക കിരീടം അർജൻ്റീനയ്ക്ക്. ഫൈനലിൽ കൊളംബിയയെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്. എകസ്ട്രാ ടൈമിലേക്ക് നീണ്ട കളിയുടെ 112ാം മിനിറ്റിൽ ലൊട്ടാറോ മാർട്ടിനെസ് അടിച്ച ഗോളിലാണ് അർജൻ്റീന കപ്പടിച്ചത്.ലോ സെല്‍സോ നല്‍കിയ മനോഹര പാസാണ് ഗോളിലേക്ക് വഴിതുറന്നത്. നിശ്ചിത സമയം അവസാനിക്കാന്‍ 25 മിനിറ്റോളം ശേഷിക്കെ അര്‍ജന്റീന ക്യാപ്ടന്‍ ലയണല്‍ മെസ്സി പരുക്കേറ്റ് കണ്ണീരോടെ മൈതാനം വിട്ടു. നേരത്തെ കാലിനേറ്റ പരിക്ക് വഷളായതോടെയാണ് മെസിക്ക് കളം വിടേണ്ടി വന്നത്. നികൊ ഗോണ്‍സാലസാണ് പകരക്കാരനായെത്തിയത്.

ആദ്യപകുതിയില്‍ മികച്ച മുന്നേറ്റങ്ങളുമായി കൊളംബിയയാണ് മുന്നിട്ടു നിന്നത്. രണ്ടാംപകുതിയുടെ തുടക്കത്തിലെ അര്‍ജന്‍റീന ഉണര്‍വ് വീണ്ടെടുത്തു. 58-ാം മിനുറ്റില്‍ ഏഞ്ചല്‍ ഡി മരിയയുടെ ഷോട്ട് നിര്‍ഭാഗ്യം കൊണ്ടാണ് ഗോളാകാതെ പോയത്. ആദ്യപകുതിയിലെ പരുക്ക് രണ്ടാംപകുതിയിലും വലച്ചതോടെ മെസി 66-ാം മിനുറ്റില്‍ നിറകണ്ണുകളോടെ കളത്തിന് പുറത്തേക്ക് മടങ്ങി. ഡഗൗട്ടിലെത്തിയ മെസി പൊട്ടിക്കരയുന്നത് ഫുട്ബോള്‍ ലോകം തത്സമയം കണ്ടു.

കളി പതിയെ കയ്യാങ്കളിയായി തുടരുന്നതാണ് പിന്നീട് കണ്ടത്. ഇതിനിടെ 76-ാം മിനുറ്റില്‍ അര്‍ജന്‍റീനയുടെ നിക്കോളാസ് ഗോണ്‍സാലസ് നേടിയ ഗോള്‍ ഓഫ്‌സൈഡായി വിധിച്ചു. ഇതിന് ശേഷം അര്‍ജന്‍റീന ശക്തമായ ആക്രമണങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും ഗോള്‍ മാറിനിന്നു. 90 മിനുറ്റുകള്‍ക്ക് ശേഷം എക്‌സ്‌ട്രാടൈമിന്‍റെ ആദ്യപകുതിയിലും ഇരു ടീമുകളുടെയും ഗോള്‍ശ്രമങ്ങള്‍ പാളി. എന്നാല്‍ രണ്ടാംപകുതിയില്‍ ലൗട്ടാരോ മാര്‍ട്ടിനസിന്‍റെ സുന്ദര ഫിനിഷിംഗ് അര്‍ജന്‍റീനയ്ക്ക് ലീഡും കപ്പും സമ്മാനിച്ചു.

16ാം കിരീടത്തോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരെന്ന റെക്കോഡ് അര്‍ജന്റീന സ്വന്തമാക്കി. 15 കിരീടവുമായി ഉറുഗ്വെക്കൊപ്പമായിരുന്നു ഇതുവരെ അര്‍ജന്റീനയുണ്ടായിരുന്നത്. 2021 കോപ്പ, 2022 ലോകകപ്പ്, ഇപ്പോള്‍ 2024 കോപ്പ. ട്രിപ്പിള്‍ രാജ്യാന്തര കിരീടമെന്ന നേട്ടം സ്വന്തമാക്കി സ്‌കലോനിയുടെ കീഴില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ലോകത്തെ അപ്രമാധിത്വം ഉറപ്പിച്ചു. ഇതോടെ 2008 യൂറോ, 2010 ലോകകപ്പ്, 2012 യൂറോ തുടര്‍ച്ചയായി നേടിയ സ്‌പെയിനിന്റെ നേട്ടത്തിനൊപ്പമെത്തി അര്‍ജന്റീന.
<BR>

TAGS :
SUMMARY : Copa America title for Argentina; Defeated Colombia 1-0

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *