പകര്‍പ്പവകാശ ലംഘനം: റഹ്മാനും നിര്‍മ്മാതാക്കളും 2 കോടി രൂപ കെട്ടിവയ്ക്കണം

പകര്‍പ്പവകാശ ലംഘനം: റഹ്മാനും നിര്‍മ്മാതാക്കളും 2 കോടി രൂപ കെട്ടിവയ്ക്കണം

2023-ല്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസില്‍ പ്രശസ്ത സംഗീത സംവിധായകന്‍ എ.ആർ.റഹ്മാനും, ‘പൊന്നിയിൻ സെല്‍വൻ-2’ എന്ന സിനിമയുടെ സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കാന്‍ ഡല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച നിർദ്ദേശിച്ചു.

റഹ്മാനും സിനിമയുടെ നിർമ്മാണ കമ്പനികളായ മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർക്കെതിരെ ക്ലാസിക്കല്‍ ഗായകനും പത്മശ്രീ അവാർഡ് ജേതാവുമായ ഉസ്താദ് ഫയാസ് വാസിഫുദ്ദീൻ ദാഗറാണ് പരാതി നല്‍കിയത്. ജൂനിയർ ഡാഗർ സഹോദരന്മാര്‍ എന്ന് അറിയപ്പെടുന്ന അന്തരിച്ച ഉസ്താദ് എൻ, ഫയാസുദ്ദീൻ ഡാഗറും, ഉസ്താദ് സാഹിറുദ്ദീൻ ഡാഗറും ചേർന്ന് രചിച്ച ശിവ സ്തുതി അനധികൃതമായി ഉപയോഗിച്ചുവെന്നാണ് ആരോപണം.

ഈ കേസിലാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. ജസ്റ്റിസ് പ്രതിഭ എം സിംഗ് ആണ് കേസില്‍ വിധിയെഴുതിയത്. 117 പേജുള്ള വിധിന്യായത്തില്‍ വീര രാജ വീര ഗാനം ശിവ സ്തുതി എന്ന കോമ്പോസിഷനെ അടിസ്ഥാനമാക്കിയുള്ളതോ അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതോ മാത്രമല്ല, വാസ്തവത്തില്‍, വരികളില്‍ മാറ്റം വരുത്തി ഉപയോഗിച്ചതാണ് എന്നാണ് പറയുന്നത്.

ചിത്രത്തില്‍ പുതുതായി ചേര്‍ത്ത ഘടകങ്ങള്‍ ഗാനത്തെ ഒരു പുതിയ രചന പോലെയാക്കി മാറ്റിയിരിക്കാം, പക്ഷേ അടിസ്ഥാന സംഗീത സൃഷ്ടിക്ക് സമാനമാണ് വീര രാജ വീര ഗാനം എന്ന് ജഡ്ജിയുടെ വിധിയില്‍ പറയുന്നു. എല്ലാ ഒടിടി, ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളിലും ഗാനത്തോടൊപ്പമുള്ള നിലവിലുള്ള ക്രെഡിറ്റ് സ്ലൈഡ് മാറ്റാനും കോടതി നിർദ്ദേശിച്ചു. നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡായ “ഒരു ഡാഗർവാണി പാരമ്പര്യ ധ്രുപദിനെ അടിസ്ഥാനമാക്കിയുള്ള രചന” എന്നത് മാറ്റി “അന്തരിച്ച ഉസ്താദ് എൻ. ഫയാസുദ്ദീൻ ദാഗറിന്റെയും അന്തരിച്ച ഉസ്താദ് സാഹിറുദ്ദീൻ ദാഗറിന്റെയും ശിവ സ്തുതിയെ അടിസ്ഥാനമാക്കിയുള്ള രചന” എന്നാക്കി മാറ്റണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രതികള്‍ കോടതിയില്‍ 2 കോടി രൂപ കെട്ടിവയ്ക്കാനും വാദിയായ ഉസ്താദ് ഫയാസ് വാസിഫുദ്ദീൻ ദാഗറിന് 2 ലക്ഷം രൂപ കോടതി ചെലവായി റഹ്മാനും മറ്റ് പ്രതികളും നാല് ആഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നും കോടതി വിധിച്ചു. 1970 കളില്‍ ജൂനിയർ ഡാഗർ ബ്രദേഴ്‌സ് എന്നറിയപ്പെട്ടിരുന്ന തന്‍റെ അച്ഛനും അമ്മാവനും ചേർന്നാണ് ശിവ സ്തുതി രചന സൃഷ്ടിച്ചത് എന്നാണ് ഉസ്താദ് ഫയാസ് വാസിഫുദ്ദീൻ ദാഗര്‍ വാദിച്ചത്.

1989 ലും 1994 ലും പിതാവിന്റെയും അമ്മാവന്റെയും മരണശേഷം, നിയമപരമായ അവകാശികള്‍ക്കിടയില്‍ ഉണ്ടായ കുടുംബ ഒത്തുതീർപ്പിലൂടെ പകർപ്പവകാശം തനിക്ക് കൈമാറിയതായി അദ്ദേഹം അവകാശപ്പെട്ടു. തന്റെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് എആര്‍ റഹ്മാന്‍ ഈ ഗാനം ചിത്രത്തില്‍ ഉപയോഗിച്ചത് എന്നാണ് ഉസ്താദ് ഫയാസ് വാസിഫുദ്ദീൻ ദാഗര്‍ പറയുന്നത്.

TAGS : AR RAHMAN
SUMMARY : Copyright infringement: Rahman and producers must deposit Rs 2 crore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *