ഫെംഗൽ ചുഴലിക്കാറ്റ്: ചെന്നൈയിൽ നാല് മരണം, മഴയുടെ ശക്തി കുറഞ്ഞു

ഫെംഗൽ ചുഴലിക്കാറ്റ്: ചെന്നൈയിൽ നാല് മരണം, മഴയുടെ ശക്തി കുറഞ്ഞു

ചെന്നൈ: ഫെംഗൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് അതി തീവ്ര ന്യൂനമർദ്ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്നലെ രാത്രി 11 മണിയോടെ പൂർണമായി ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചു. ഫെംഗൽ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്.

ചെന്നൈയിൽ ഇതുവരെ മഴക്കെടുതിയിൽ നാല് മരണമാണ് റിപ്പോർട്ട് ചെയ്തത്. 13 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂർ, പുതുച്ചേരി, കാരയ്‌ക്കൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റും മഴയുമാണ് ഇപ്പോഴുള്ളത്. മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്നത്. തമിഴ്‌നാട്ടിലെ ഒമ്പത് തുറമുഖങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നു എന്നാണ് അധികൃതർ പറയുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി മാറിയത്. ഇതോടെ തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ അതിശക്തമായ മഴ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളില്‍ ഉള്‍പ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന നിലയിലാണ്. മീനമ്പക്കത്താണ് കൂടുതല്‍ മഴ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെയുള്ള കണക്കുകള്‍ പ്രകാരം 114.2 മില്ലിമീറ്റര്‍ മഴ റിപ്പോർട്ട് ചെയ്തിരുന്നു. മഴ സാധ്യതയുടെ പാശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലുടനീളം 2220 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.

കാലാവസ്ഥാ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനത്താവളം അടച്ചത്.
<br>
TAGS : FENGAL CYCLONE
SUMMARY : Cyclone Fengal: Four dead in Chennai, rains reduced

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *