ഇബ്രാഹിം റെയ്‌സിയുടെ മരണം; ഇന്ത്യയില്‍ നാളെ ദു:ഖാചരണം

ഇബ്രാഹിം റെയ്‌സിയുടെ മരണം; ഇന്ത്യയില്‍ നാളെ ദു:ഖാചരണം

ഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ വിയോഗത്തില്‍ ഇന്ത്യയില്‍ നാളെ ദു:ഖാചരണം. ഔദ്യോഗിക പരിപാടികള്‍ ഒന്നും നടത്തില്ല. ഇബ്രാഹിം റെയ്സിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചിരുന്നു. ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ റെയ്സി നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും ഇറാനിലെ ജനങ്ങള്‍ക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ഇന്ത്യ ഇറാനൊപ്പമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെയാണ് ഇബ്രാഹിം റെയ്സിയുടെ മരണം സ്ഥിരീകരിച്ചത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും സ്ഥിരീകരണമുണ്ട്. റെയ്‌സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ് കണ്ടെത്തിയത്. വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുല്ലാഹിയാന്‍, പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്‌മതി, ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും കൊല്ലപ്പെട്ടു.

മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. രക്ഷാദൗത്യത്തിന് സഹായവുമായി റഷ്യയും തുര്‍ക്കിയും രംഗത്തെത്തിയിരുന്നു. അസര്‍ബൈജാന്‍-ഇറാന്‍ അതിര്‍ത്തിയിലെ മലനിരകളിലാണ് ഹെലികോപ്റ്റര്‍ ഇന്നലെ രാത്രിയോടെ അപകടത്തില്‍പ്പെട്ടത്. മെയ് 19നായിരുന്നു റെയ്‌സി അസര്‍ബൈജാനിലെത്തിയത്. അണക്കെട്ട് ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു അദ്ദേഹം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *