ലൈംഗിക പീഡനക്കേസിൽ ബിജെപി എംപി ബ്രിജ് ഭൂഷൺ സിങ്ങിന് തിരിച്ചടി; കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടു

ലൈംഗിക പീഡനക്കേസിൽ ബിജെപി എംപി ബ്രിജ് ഭൂഷൺ സിങ്ങിന് തിരിച്ചടി; കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടു

ന്യൂഡല്‍ഹി: വനിതാ ​ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ ഇന്ത്യൻ റെസ്‌ലിംഗ് ഫെഡറേഷൻ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ കുറ്റം ചുമത്താൻ ഡൽഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു. അഞ്ച് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇയാൾക്കെതിരെ ഡൽഹി റൗസ് അവന്യൂ കോടതി കുറ്റം ചുമത്താൻ ഉത്തരവിട്ടത്.  കുറ്റം ചുമത്താൻ മതിയായ വസ്തുതകൾ കണ്ടെത്തിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. സെക്ഷൻ 354-ഡി (പിന്തുടരൽ), സെക്ഷൻ 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരമാണ് കുറ്റം ചുമത്താൻ ഉത്തരവിട്ടിരിക്കുന്നത്. ബ്രിജ്ഭൂഷണോടൊപ്പം മുൻ ദേശീയ ഗുസ്തി ഫെഡറേഷൻ സെക്രട്ടറി വിനോദ് തോമറിനെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകളാണ് തോമറിന് എതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍   മെയ് 21 ന് വാദം നടക്കും.

ആറ് വനിത ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ കോടതിയെ സമീപിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എംപിക്കെതിരെ പോലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തിരുന്നു. വിവിധ വകുപ്പുകൾ ചേർത്ത് പോലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോടതി ഇടപെടൽ.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരിക്കേ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രിജ് ഭൂഷണിനെതിരേ വന്‍ പ്രതിഷേധമായിരുന്നു കഴിഞ്ഞവര്‍ഷം നടന്നത്. സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങി നിരവധി താരങ്ങള്‍ ഡല്‍ഹിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *