ഡൽഹിയെ വീണ്ടും വനിത നയിക്കും; രേഖാ ഗുപ്‌ത മുഖ്യമന്ത്രി, പർവേശ് വെർമ്മ ഉപമുഖ്യമന്ത്രി
▪️ രേഖ ഗുപ്ത

ഡൽഹിയെ വീണ്ടും വനിത നയിക്കും; രേഖാ ഗുപ്‌ത മുഖ്യമന്ത്രി, പർവേശ് വെർമ്മ ഉപമുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബി.ജെ.പി. ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ രേഖ ഗുപ്തയാണ് ഡല്‍ഹിയിലെ ബിജെപി സര്‍ക്കാരിനെ നയിക്കുക. രാജ്യതലസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്ന നാലാമത്തെ വനിതയാകും രേഖ ഗുപ്ത. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവര്‍ക്ക് ശേഷം ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും .രാംലീലാ മൈതാനത്താണ് സത്യപ്രതിജ്ഞ നടക്കുക. ഡല്‍ഹി ഉപമുഖ്യമന്ത്രിയായി പര്‍വേശ് വര്‍മ്മയേയും സ്പീക്കറായി വിജേന്ദര്‍ ഗുപ്തയേയുമാണ് തീരുമാനിച്ചത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ ആയിരിക്കും ബിജെപി നിയോഗിക്കുക എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിനിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവിലാണ് ബിജെപിയുടെ പ്രഖ്യാപനം. വോട്ടെണ്ണി പതിനൊന്നാം നാളാണ് ബിജെപി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. പർവേഷ് വർമ, വിജേന്ദർ ​ഗുപ്ത, സതീഷ് ഉപാധ്യായ, ആഷിഷ് സൂദ്, ഷിഖ റോയ്, രേഖ ​ഗുപ്ത എന്നിവരുടെ പേരുകളാണ് അവസാന പട്ടികയിലുണ്ടായിരുന്നത്.

ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിയെ പരാജയപ്പെടുത്തിയാണ് ഗുപ്ത ഷാലിമാർ ബാഗ് നിയമസഭാ സീറ്റിൽ വിജയിച്ചത്. ബി.ജെ.പിയുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗവും ഡല്‍ഹി ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയുമാണ്. ഡല്‍ഹി സര്‍വ്വകലാശാലാ വിദ്യാര്‍ഥി യൂണിയന്റെ (ഡി.യു.എസ്.യു) മുന്‍ പ്രസിഡന്റാണ്. 1996-97 വര്‍ഷത്തിലാണ് ഇവര്‍ ഡി.യു.എസ്.യുവിനെ നയിച്ചത്. 2007-ലും 2012-ലും ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് കൗണ്‍സിലറായി.

ഇക്കഴിഞ്ഞ ഡൽഹി സംസ്ഥാന തിരഞ്ഞെടുപ്പിൽ, ബിജെപി 70 ൽ 48 സീറ്റുകൾ നേടി, ആം ആദ്മി പാർട്ടിയെ (എഎപി) പരാജയപ്പെടുത്തി. ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തിയത്.

നാളെ രാവിലെ 10 മണിക്കാണ് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങുക. പന്ത്രണ്ട് മണിക്ക് ഡല്‍ഹി​ഗവർണർ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലി കൊടുക്കും. വികസിത ഡല്‍ഹി​യെന്ന മുദ്രാവാക്യമുയർത്തിയാണ് ചടങ്ങ്. വികസിത് ദില്ലി ശപഥ് സമാരോഹ് എന്നാണ് ചടങ്ങിന് പേരിട്ടിരിക്കുന്നത്. 20 സംസ്ഥാനങ്ങളിലെയും എൻഡിഎ മുഖ്യമന്ത്രിമാരെയും ഉപമുഖ്യമന്ത്രിമാരെയും എല്ലാ പ്രധാന നേതാക്കളെയും സെലിബ്രിററികളെയും പങ്കെടുപ്പിച്ച് ചടങ്ങ് ശക്തിപ്രകടനമാക്കാനാണ് ബിജെപി തീരുമാനം. ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും കാവൽ മുഖ്യമന്ത്രി അതിഷിയെയും, ഡല്‍ഹി പിസിസി അധ്യക്ഷൻ ദേവേന്ദ്ര യാദവിനെയും ക്ഷണിച്ചിട്ടുണ്ട്.
<BR>
TAGS : DELHI | REKHA GUPTA
SUMMARY : Delhi: Rekha Gupta will be the Chief Minister, Parvesh Verma will be the Deputy Chief Minister

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *