ഉയർന്ന വേനൽചൂട്; ബെംഗളൂരുവിൽ എയർ കണ്ടീഷനറുകൾക്ക് ആവശ്യക്കാർ വർധിക്കുന്നു

ഉയർന്ന വേനൽചൂട്; ബെംഗളൂരുവിൽ എയർ കണ്ടീഷനറുകൾക്ക് ആവശ്യക്കാർ വർധിക്കുന്നു

ബെംഗളൂരു: കടുത്ത വേനലിനിടെ തുടർച്ചയായ രണ്ട് ദിവസങ്ങളിൽ മഴ ലഭിച്ചിട്ടും വേനൽചൂടിൽ നിന്ന് നേരിയ ആശ്വാസം പോലും ലഭിക്കാതെ ബെംഗളൂരുവിലെ പകലുകള്‍. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. റോഡുകളിലും അടിപ്പാതകളിലും വെള്ളം കയറി ഗതാഗത തടസം വരെ ഉണ്ടായി. 159 ദിവസങ്ങൾക്ക് ശേഷമാണ് നഗരത്തില്‍ മഴ എത്തിയത്. കൊടും ചൂടിൽ വെന്തുരുകുന്ന നഗരവാസികൾക്ക് മഴയുടെ വരവ് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ചൂട് വീണ്ടും പഴയപടിയായി.

നഗരത്തിലെ താപനില വർധിക്കുന്നതനുസരിച്ച് മിക്കവരും വീടുകളിലും ജോലിസ്ഥലങ്ങളിലും എയർ കണ്ടീഷനറുകൾ സ്ഥാപിക്കുകയാണ്. ചെറുകിട സംരംഭങ്ങൾ, നഗരത്തിലുടനീളമുള്ള വാണിജ്യ, പാർപ്പിട ആവശ്യങ്ങൾക്കായി എസി യൂണിറ്റുകൾ വാടകയ്‌ക്കെടുക്കുന്നതും വർധിക്കുന്നുണ്ട്.

എസി വാടകയ്‌ക്കെടുക്കുന്നതിനുള്ള ആവശ്യം മുൻവർഷത്തേക്കാൾ ഇരട്ടിയായിട്ടുണ്ടെന്നും നിലവിലുള്ള സ്റ്റോക്ക് പെട്ടെന്ന് തീരുന്നതായും എസി ഇൻസ്റ്റാളേഷൻ കൈകാര്യം ചെയ്യുന്ന ഇന്ദിരാനഗറിലെ ടി.എസ്. ആൻഡ് കമ്പനിയുടെ ഉടമ അബ്ദുൾ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഐടി ജീവനക്കാരാണ് പ്രധാനമായും എസി വാടകയ്ക്ക് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ യൂണിറ്റ് വാങ്ങുന്നതിനുപകരം കുറഞ്ഞ കാലയളവിലേക്ക് വാടകയ്ക്ക് എടുക്കുന്നതാണ് നിലവിലെ ട്രെൻഡ് എന്നും അദ്ദേഹം വിശദീകരിച്ചു.

എസി വാടക നിരക്ക് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ നിലവിൽ താരതമ്യേന വാടക നിരക്ക് കുറവാണ്. സ്റ്റാർ റേറ്റിംഗിനെ അടിസ്ഥാനമാക്കിയാണ് സാധാരണ നിരക്കുകൾ നിശ്ചയിക്കുന്നത്. 5 സ്റ്റാർ എസികൾക്ക് 3 സ്റ്റാർ എസികളേക്കാൾ വില കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. മെയ്‌ അവസാനത്തോടെ എസി ഉപഭോക്താക്കളുടെ എണ്ണം കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *