സ്‌കൂൾ കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർഥ പ്രയോഗം: ചാനലിനെതിരായ പോക്സോ കേസിൽ മുൻകൂർ ജാമ്യം

സ്‌കൂൾ കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർഥ പ്രയോഗം: ചാനലിനെതിരായ പോക്സോ കേസിൽ മുൻകൂർ ജാമ്യം

കൊച്ചി: സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരായ പോക്‌സോ കേസിലെ പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. കൺസൾട്ടിംഗ് എഡിറ്റർ കെ അരുൺ കുമാർ, റിപ്പോർട്ടർ ഷഹബാസ് അഹമ്മദ് എന്നിവർ സമർപ്പിച്ച ഹ‍ർജിയിലാണ് ജസ്റ്റീസ് പി വി കു‍ഞ്ഞിക്കൃഷ്ണന്‍റെ ഉത്തരവ്. ഇതേ കോടതി പ്രതികൾക്ക് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

പ്രതികൾക്കെതിരെ ചുമത്തിയ പോക്സോ കേസ് നില നിൽക്കുമോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി സംപ്രേഷണം ചെയ്ത പരിപാടിയിൽ ക്രിമിനൽ കുറ്റകൃത്യം നടന്നതായി വിലയിരുത്താനാകില്ലെങ്കിലും ചില ചോദ്യങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, ഈ വിലയിരുത്തൽ അന്വേഷണത്തെ ബാധിക്കരുതെന്നും ഉത്തരവിൽ പറയുന്നു. പോലീസിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും കോടതി അറിയിച്ചു. സ്കൂള്‍ കലോത്സവത്തിന്‍റെ ഭാഗമായുള്ള ടെലി സ്കിറ്റായിരുന്നെന്നും സ്കൂള്‍ വിദ്യാർഥിനിയുടെയും മാതാപിതാക്കളുടെയും അനുമതിയോടെയാണ് അത് ചിത്രീകരിച്ചതെന്നുമായിരുന്നു പ്രതികളുടെ വാദം

കലോത്സവത്തിൽ ഒപ്പനയുടെ റിപ്പോർട്ടിങ്ങിനിടെ ദ്വയാർഥ പ്രയോഗം നടത്തിയെന്നാരോപിച്ച് ശിശുക്ഷേമസമിതി നൽകിയ പരാതിയിലാണ് പോക്സോ വകുപ്പുകൾ പ്രകാരം ചാനൽ പ്രവർത്തകർക്കെതിരെ കേസെടുത്തത്. ഇതു സംബന്ധിച്ച് ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയിൽ നിന്നും ബാലാവകാശ കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടി. കേസ് എടുക്കാൻ ആസ്പദമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
<BR>
TAGS : HIGHCOURT | POCSO CASE
SUMMARY : Double-meaning use in school festival reporting: Anticipatory bail granted in POCSO case against channel

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *