ഡോ.വന്ദനദാസ് കൊലക്കേസ്; സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ഡോ.വന്ദനദാസ് കൊലക്കേസ്; സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ഡോ. വന്ദനദാസ് കൊലക്കേസില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കാനാകില്ലെന്ന് ആണ് കോടതി വ്യക്തമാക്കിയത്. സാക്ഷി വിസ്താരം പൂര്‍ത്തിയായ ശേഷം ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കാമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന സന്ദീപിന്റെ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി. ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാമോ എന്ന് സുപ്രീംകോടതി ചോദിച്ചു. താൻ മാനസിക പ്രശ്നങ്ങളുളള ആളെന്നായിരുന്നു കോടതിയില്‍ സന്ദീപിന്റെ വാദം. എന്നാല്‍ സന്ദീപിന് മാനസിക പ്രശ്നമില്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിനെ മറികടക്കാൻ എയിംസിലെ മാനസിക നില പരിശോധന പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഈ ആവശ്യവും കോടതി തള്ളി. കേസിലെ സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കിയ ശേഷം ഹൈക്കോടതിയില്‍ പുതിയ അപേക്ഷ നല്‍കാൻ സുപ്രീംകോടതി നിർദേശം നല്‍കി. നേരത്തെ സന്ദീപിന് ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍ നിലപാടെടുത്തിരുന്നു. മദ്യപിച്ച്‌ സ്ഥിരം പ്രശ്നമുണ്ടാക്കിയിരുന്ന ആളാണെന്നും സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണിയാണെന്നും കോടതിയില്‍ സംസ്ഥാനം നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതിക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. പ്രതി ഒളിവില്‍ പോകാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്.കൂടാതെ ജാമ്യം നല്‍കുന്നത് ആരോഗ്യപ്രവർത്തകർക്കിടയില്‍ ആശങ്കയുണ്ടാക്കുമെന്നും സംസ്ഥാനം കോടതിയെ ബോധിപ്പിച്ചു. ഇതെല്ലാം പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യ ഹർജി തളളിയത്.

TAGS : DR. VANDHANA MURDER CASE
SUMMARY : Dr. Vandanadas murder case; Supreme Court rejected Sandeep’s bail plea

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *