രേണുകസ്വാമി കൊലക്കേസ്; കുറ്റം ഏറ്റെടുക്കാൻ ടാക്സി ഡ്രൈവറെയും നിർബന്ധിച്ചെന്ന് പോലീസ്

രേണുകസ്വാമി കൊലക്കേസ്; കുറ്റം ഏറ്റെടുക്കാൻ ടാക്സി ഡ്രൈവറെയും നിർബന്ധിച്ചെന്ന് പോലീസ്

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ കുറ്റം കുറ്റം ഏറ്റെടുക്കാനായി ദർശനും പവിത്രയും ടാക്സി ഡ്രൈവറെ നിർബന്ധിച്ചതായി പോലീസ്. കൊല്ലപ്പെട്ട രേണുകാസ്വാമിയെ ചിത്രദുർഗയിൽ നിന്ന് ബെംഗളൂരുവിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവറായ രവിശങ്കറിനോടാണ് കൊലയാളികൾ കുറ്റം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, രവിശങ്കർ ഇതിന് വിസമ്മതിച്ചെന്നും തുടർന്ന് ടാക്സി വാടക വാങ്ങി ബെംഗളൂരുവിൽ നിന്ന് മടങ്ങുകയാണുണ്ടായതെന്നും പോലീസ് പറഞ്ഞു. കേസിൽ കുറ്റം ഏറ്റെടുക്കാൻ മറ്റ്‌ ചിലരോടും ദർശൻ ആവശ്യപ്പെട്ടതായി വിവരമുണ്ട്.

സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് നടൻ ദർശനും നടി പവിത്രയും കൊലക്കേസിൽ അറസ്റ്റിലായത്. വ്യാഴാഴ്ച രവിശങ്കർ ചിത്രദുർഗ പോലീസിൽ കീഴടങ്ങിയിരുന്നു. കൃത്യം നടന്ന ദിവസം രാവിലെ ദർശൻ ഫാൻസ് അസോസിയേഷൻ ഭാരവാഹിയായ ജഗദീഷ് എന്നയാളാണ് രവിശങ്കറിന്റെ ടാക്സി ഓട്ടത്തിനായി വിളിച്ചത്. ബെംഗളൂരുവിലേക്ക് പോകാനായി ചിത്രദുർഗയിലെ ടാക്സി ഡ്രൈവറായ സുരേഷിനെയാണ് ജഗദീഷ് ആദ്യം സമീപിച്ചത്. എന്നാൽ, ചിക്കമഗളൂരുവിലേക്ക് നേരത്തെ ബുക്ക്ചെയ്ത ഓട്ടംപോകേണ്ടതിനാൽ സുരേഷാണ് രവിശങ്കറിനെ ബന്ധപ്പെടുത്തിയത്.

തുടർന്ന് രവിശങ്കർ ജഗദീഷിനെ വിളിക്കുകയും ഇയാൾ പറഞ്ഞതനുസരിച്ച് ഒരു പെട്രോൾ പമ്പിന് സമീപത്തു നിന്ന് നാലുപേരെ വാഹനത്തിൽ കയറ്റുകയും ചെയ്തു. കൊല്ലപ്പെട്ട രേണുകാസ്വാമി, ദർശൻ ഫാൻസ് ഭാരവാഹികളായ രാഘവേന്ദ്ര, ജഗദീഷ്, അനുകുമാർ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ബലംപ്രയോഗമൊന്നും നടത്താതെയാണ് പ്രതികൾ രേണുകസ്വാമിയെ വാഹനത്തിൽ കയറ്റിയത്.

ബെംഗളൂരു നൈസ് റോഡ് വഴി വാഹനം പട്ടണഗരെയിലെ ഷെഡ്ഡിലേക്ക് തിരിച്ചു. ഇവിടെവെച്ചാണ് രേണുകാസ്വാമിയെ പ്രതികൾ കൊലപ്പെടുത്തിയത്. രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ 18 പേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. നടി പവിത്ര ഗൗഡയാണ് കേസിലെ ഒന്നാം പ്രതി. നടൻ ദർശൻ രണ്ടാം പ്രതിയാണ്.

TAGS: DARSHAN THOOGUDEEPA| KARNATAKA
SUMMARY: Actor darshan approached taxi driver to surrender for renukaswamy murder

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *