ഡൽഹിയിൽ വീശിയടിച്ച് പൊടിക്കാറ്റ് വിമാനങ്ങൾ വൈകി; നിരവധി യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങി

ഡൽഹിയിൽ വീശിയടിച്ച് പൊടിക്കാറ്റ് വിമാനങ്ങൾ വൈകി; നിരവധി യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങി

ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ചയുണ്ടായ  ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് നിരവധി വിമാനങ്ങൾ വൈകി. യാത്രാ സമയത്തിൽ കാലതാമസമുണ്ടായതിനാൽ നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. കുറഞ്ഞത് 15 വിമാനങ്ങളെങ്കിലും വഴിതിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. പൊടിക്കാറ്റ് തുടരുന്ന സാഹചര്യത്തിൽ വിമാനയാത്ര തുടരുന്നതിൽ എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ആശങ്ക പ്രകടിപ്പിച്ചു. ഡൽഹിയിലും ജയ്പുരിലും പൊടിക്കാറ്റ് അനുഭവപ്പെടുന്നുണ്ടെന്നും ഇത് ടേക്ക് ഓഫുകളെയും ലാൻഡിങുകളെയും ബാധിക്കാൻ സാധ്യതയുണ്ടെന്നും ഇൻഡിഗോയും അറിയിച്ചു.

നിരവധി യാത്രക്കാരാണ് തങ്ങളുടെ പ്രശ്നങ്ങൾ എക്സിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും പങ്കുവച്ചത്. കണക്റ്റിംഗ് ഫ്ലൈറ്റുകൾ മിസ്സായവരും, നിർദിഷ്ട യാത്രയ്ക്ക് കാലതാമസം നേരിട്ടവരും തുടങ്ങി നിരവധിയാളുകളാണ് ദുരിതങ്ങൾ പങ്കുവച്ചിട്ടുള്ളത്. വഴി തിരിച്ചുവിട്ട എയർ ഇന്ത്യ വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തതിനെ തുടർന്ന് വിമാനകമ്പനി ഭക്ഷണം ലഭ്യമാക്കിയതായി യാത്രക്കാർ പറഞ്ഞു. കാലാവസ്ഥ മോശമായതിനെ തുടർന്ന് യാത്രക്കാർ ഡൽഹി എയർപോർട്ടിൽ കുടുങ്ങിയിട്ട് 12 മണിക്കൂറിൽ ഏറെയായി.

കാറ്റ് ശക്തമായതിനാൽ ഡൽഹിയിൽ വിവിധയിടങ്ങളിൽ ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിച്ചു. വെള്ളി വൈകിട്ട് മുതലാണ് ന​ഗരത്തിൽ ശക്തമായ പൊടിക്കാറ്റ് വീശിയത്. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. റോഡിലേക്ക് മരങ്ങൾ വീണത് ​ഗതാ​ഗത തടസമുണ്ടാക്കി. വാഹനങ്ങൾക്ക് മുകളിലേക്ക് മരക്കൊമ്പുകളും പോസ്റ്റുകളും ഒടിഞ്ഞുവീണു. നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര വീണ് മൂന്ന് പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.

പൊടിക്കാറ്റിനു പുറമേ മൂടൽമഞ്ഞ് വ്യാപകമായതും ജനജീവിതം ദുസ്സഹമാക്കി. വരുന്ന മണിക്കൂറുകളിൽ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഡൽഹിക്കു പുറമെ യുപിയിലെ നോയിഡ, ​ഗാസിയാബാദ്, രാജസ്ഥാനിലെ ജയ്പൂർ, ഹരിയാനയിലെ ​ഗുരു​ഗ്രാം എന്നിവിടങ്ങളിലും വെള്ളിയാഴ്ച വൈകിട്ട് പൊടിക്കാറ്റ് വീശിയടിച്ചു. പലയിടങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.
<BR>
TAGS : NEW DELHI | DUST STORM
SUMMARY : Dust storm in Delhi delays flights; Many passengers were stranded at the airport

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *