‘തൊഴിലിടത്തില്‍ മാനസിക പീഡനം നേരിട്ടു’; ജോളി മധുവിന്‍റെ കത്ത് പുറത്ത്

‘തൊഴിലിടത്തില്‍ മാനസിക പീഡനം നേരിട്ടു’; ജോളി മധുവിന്‍റെ കത്ത് പുറത്ത്

കൊച്ചി: മസ്‌തിഷ്‌കാഘാതം സംഭവിക്കുന്നതിന് തൊട്ട് മുമ്പ് കയർ ബോർഡ് ഓഫീസിലെ ജീവനക്കാരി ജോളി മധു എഴുതിയ കത്ത് പുറത്ത്. ഇംഗ്ലീഷിലാണ് കത്ത് എഴുതിയിരിക്കുന്നത്. ജോളി മധുവിനെ മരണത്തിലേക്ക് തളളിവിട്ടത് മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണെന്ന് തെളിയിക്കുന്ന കത്താണ് പുറത്തുവന്നത്.

“എനിക്ക് പേടിയാണ്, ചെയർമാനോട് സംസാരിക്കാൻ ധൈര്യമില്ല. ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്നുണ്ട്. ഞാൻ ദയയ്ക്ക് വേണ്ടി യാചിക്കുകയാണ്. എന്നെ കുറച്ച്‌ കാലം കൂടെ ഇവിടെ തുടരാൻ അനുവദിക്കണം,” ജോളിയുടെ കത്തില്‍ പറയുന്നു. ഈ കത്ത് എഴുതിക്കൊണ്ട് ഇരിക്കെയാണ് ജോളി കുഴഞ്ഞു വീഴുന്നത്. ഓഫീസ് സെക്രട്ടറിക്കും ചെയര്‍മാനും എതിരെ നല്‍കിയ പരാതി പിന്‍വലിച്ച്‌ മാപ്പ് പറഞ്ഞാല്‍ തിരികെ ജോലിയില്‍ പ്രവേശിക്കാം എന്ന വാഗ്ദാനം ജോളിക്ക് നല്‍കിയിരുന്നു.

മാപ്പപേക്ഷ നല്‍കാന്‍ സാധിക്കില്ല എന്ന് മറുപടി തയ്യാറാക്കുന്നതിനിടെ ആയിരുന്നു ജോളി മസ്തിഷക രക്തസ്രാവത്തെ തുടര്‍ന്ന് കുഴഞ്ഞു വീണതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ കേന്ദ്രമന്ത്രി നേരിട്ട് കയർ ബോർഡ് ആസ്ഥാനത്ത് എത്തും. മന്ത്രി പീയുഷ് ഗോയലാണ് എത്തുന്നത്. ജോളി മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് വകുപ്പിന് ബന്ധുക്കള്‍ അടക്കം പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ നേരിട്ടുള്ള സന്ദർശനം.

കൊച്ചിയില്‍ കയര്‍ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. അന്വേഷണം നടത്തി പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കാന്‍സര്‍ അതിജീവിത കൂടിയായ ജോളി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.

TAGS : LATEST NEWS
SUMMARY : ‘experienced psychological harassment at work’; Jolly Madhu’s letter is out

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *