ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; മുഖ്യപ്രതി നാരായണദാസ് പിടിയില്‍

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; മുഖ്യപ്രതി നാരായണദാസ് പിടിയില്‍

തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ ഒന്നാം പ്രതി നാരായണദാസ് പിടിയില്‍. ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നേരത്തെ നാരായണദാസിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. പോലീസിന്റെ നേത്യത്വത്തില്‍ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്.

ചാലക്കുടി പോട്ട സ്വദേശി ഷീലാ സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലാണ് അറസ്റ്റ്. പ്രതിയെ നാളെ നാട്ടിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു. ഷീലാ സണ്ണിയുടെ ബന്ധുവായ യുവതിക്ക് വ്യാജ സ്റ്റാമ്പ് നല്‍കിയത് നാരായണ ദാസ് ആയിരുന്നു. കേസില്‍ ഒന്നാം പ്രതിയാണ് നാരായണദാസ്. ചോദ്യം ചെയ്യാൻ നോട്ടീസ് നല്‍കിയപ്പോള്‍ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ മാർച്ച്‌ 7 നാണ് കൊടുങ്ങല്ലൂർ എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്ത് അന്വേഷണം ഏറ്റെടുത്തത്. മുൻകൂർ ജാമ്യം തേടി നാരായണദാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്.

2023 ഫെബ്രുവരി 27 നാണ് ലഹരി മരുന്ന് കൈവശം വെച്ചു എന്ന് ആരോപിച്ച്‌ എക്സൈസ് ഷീല സണ്ണിയെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ വ്യാജ എല്‍ എസ് ഡി സ്റ്റാമ്പുകള്‍ എന്ന് ബോധ്യപ്പെട്ടു. കുറ്റം ചെയ്യാതെ 72 ദിവസമാണ് ഷീല ജയിലില്‍ കഴിഞ്ഞത്. സംഭവത്തില്‍ പ്രതിയായ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.

TAGS : LATEST NEWS
SUMMARY : Fake drug case against Sheela Sunny; Main accused Narayana Das arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *