‘ഡല്‍ഹി ചലോ’ മാര്‍ച്ച്‌ അവസാനിപ്പിച്ച്‌ കര്‍ഷകര്‍

‘ഡല്‍ഹി ചലോ’ മാര്‍ച്ച്‌ അവസാനിപ്പിച്ച്‌ കര്‍ഷകര്‍

ന്യൂഡൽഹി: കര്‍ഷക മാര്‍ച്ച്‌ തത്കാലം നിര്‍ത്തി. ഡല്‍ഹി ചലോ മാര്‍ച്ച്‌ നടത്തിയ 101 കര്‍ഷകരെ തിരിച്ചുവിളിച്ചു. ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെയാണ് നടപടി. അതിനിടെ, സമരത്തില്‍ പങ്കെടുത്ത ആറ് കര്‍ഷകര്‍ക്ക് പോലീസ് കണ്ണീര്‍ വാതക പ്രയോഗത്തില്‍ പരുക്കേറ്റു.

കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി ഭാഗീരഥ് ചൗധരിയാണ് മാധ്യമങ്ങളെ പാര്‍ലമെന്‌റ് വളപ്പില്‍ കണ്ട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. ഇതിനു പിന്നാലെയാണ് ഡല്‍ഹി ചലോ മാര്‍ച്ചുമായി മുന്നോട്ടുപോയ 10 കര്‍ഷകരേയും പിന്‍വലിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ സംഘും അറിയിച്ചത്.

മാര്‍ച്ചിനിടെ ആറ് കര്‍ഷകര്‍ക്ക് ടിയര്‍ഗ്യാസ് ഷെല്ലിങ്ങില്‍ പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. കര്‍ഷകരെ ശംഭു അതിര്‍ത്തിയില്‍ തടഞ്ഞതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് നേരേ പോലിസ് ലാത്തി വീശി. പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്.

കര്‍ഷക സമരത്തെ നേരിടാന്‍ അംബാലയിലെ പത്ത് ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഡിസംബര്‍ 9 വരെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. വാട്ട്സ്‌ആപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങി വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനാണ് ഈ പ്രഖ്യാപനം. എന്നാല്‍ ബാങ്കിങ്, മൊബൈല്‍ റീചാര്‍ജ് സേവനങ്ങള്‍ നടത്താനാകുമെന്ന് പോലിസ് അറിയിച്ചു.

TAGS : DELHI
SUMMARY : Farmers end the ‘Delhi Chalo’ march

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *