സിനിമ മേഖലയില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാത്തത് അപൂര്‍വം ചിലര്‍; ലിബര്‍ട്ടി ബഷീര്‍

സിനിമ മേഖലയില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാത്തത് അപൂര്‍വം ചിലര്‍; ലിബര്‍ട്ടി ബഷീര്‍

കൊച്ചി: സിനിമ മേഖലയില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാത്തത് അപൂര്‍വം ചിലരെന്ന് സിനിമ നിര്‍മാതാവ് ലിബർട്ടി ബഷീർ. വ്യക്തിപരമായി ആളുകളെ ഇത്തരത്തില്‍ പിടിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍, സിനിമ ഷൂട്ടിങ് ലോക്കേഷനില്‍ വന്ന് പരിശോധന നടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. സിനിമയുടെ ഷൂട്ടിങ് മുടങ്ങിയാല്‍ കോടികളുടെ നഷ്ടമാണുണ്ടാകുക.

ഒരു ദിവസത്തെ ഷൂട്ടിങ് മുടങ്ങിയാല്‍ തന്നെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുക. ആളുകളുടെ ഫ്ലാറ്റുകളിലും മറ്റിടങ്ങളിലും പരിശോധന നടത്തുകയും ലഹരി പിടികുടുകയും ചെയ്യുന്നതിന് എതിരല്ല. ഇന്ത്യൻ സിനിമയില്‍ മുഴുവൻ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുണ്ട്. മലയാളത്തില്‍ മാത്രമല്ല. അപൂര്‍വം ആളുകള്‍ മാത്രമാണ് സിനിമ മേഖലയില്‍ ലഹരി ഉപയോഗിക്കാത്തവരായിട്ടുള്ളുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ആര്‍ട്ടിസ്റ്റുകള്‍, സംവിധായകര്‍, ടെക്നീഷ്യൻമാര്‍ തുടങ്ങിയ ഭൂരിഭാഗം ആളുകളും ലഹരി ഉപയോഗിക്കുന്നുണ്ട്. അവര്‍ മുറിയില്‍ പോയും രഹസ്യമായിട്ടുമൊക്കെ ഉപയോഗിക്കുന്നുണ്ടാകും. അതൊന്നും നിര്‍മാതാക്കള്‍ക്ക് തടയാനാകില്ല. അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റിനെ ലോക്കേഷനില്‍ വെച്ച്‌ പിടികൂടുമ്പോൾ ആ സിനിമ തന്നെ മുടങ്ങുന്ന അവസ്ഥയുണ്ട്.

കുറഞ്ഞ അളവില്‍ കൈവശം വെച്ചാല്‍ ജാമ്യം കിട്ടുന്ന കുറ്റം മാത്രമാണ്. അതിനാല്‍ തന്നെ ഇതിന്‍റെ ഉപയോഗം വ്യാപകമാണ്. ഇപ്പോഴാണ് പുതിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാൻ തുടങ്ങിയത്. മുമ്പ് മദ്യം സര്‍വസാധാരണമായി ഉപയോഗിക്കാറുണ്ടായിരുന്നു. കൂടുതല്‍ അളവില്‍ ഇത്തരത്തില്‍ ലഹരി വസ്തുക്കള്‍ പിടികൂടിയാല്‍ അതിലൊക്കെ കര്‍ശന നടപടി ഉണ്ടാകേണ്ടതുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

TAGS : LATEST NEWS
SUMMARY : There are few people in the film industry who do not use drugs; Liberty Basheer

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *