രാജ്യത്ത് ആദ്യം; സ്ത്രീകളിലെ രക്തസംബന്ധ രോഗങ്ങൾക്ക് ചികിത്സാ മാർഗരേഖ തയാറാക്കി ആരോഗ്യ വകുപ്പ്

രാജ്യത്ത് ആദ്യം; സ്ത്രീകളിലെ രക്തസംബന്ധ രോഗങ്ങൾക്ക് ചികിത്സാ മാർഗരേഖ തയാറാക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: പെൺകുട്ടികളിലേയും സ്ത്രീകളിലേയും രക്തസംബന്ധമായ രോഗങ്ങൾക്ക് (ബ്ലീഡിംഗ് ഡിസോഡേഴ്‌സ്) ആരോഗ്യ വകുപ്പ് ചികിത്സാ മാർഗരേഖ തയാറാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് ഹീമോഫീലിയ ടെക്‌നിക്കൽ കമ്മിറ്റിയാണ് മാർഗരേഖ തയ്യാറാക്കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇത് സംബന്ധിച്ച് പരിശീലനം നല്‍കും. ഇതിലൂടെ അമിത രക്തസ്രാവം മൂലം ബുദ്ധിമുട്ടുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏകീകൃതവും ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

രക്തം കട്ടപിടിക്കുന്നതിൽ വരുന്ന തകരാറുകൾ മൂലമുണ്ടാകുന്ന ഹീമോഫീലിയ രോഗത്തെക്കുറിച്ച് അവബോധം നൽകുന്നതിനായാണ് എല്ലാ വർഷവും ഏപ്രിൽ 17 ന് ലോക ഹീമോഫീലിയ ദിനമായി ആചരിക്കുന്നത്. വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ സ്ഥാപകനായ ഫ്രാങ്ക് ഷ്‌നാബലിന്റെ ജന്മദിനമാണ് ഹീമോഫീലിയ ദിനമായി ആചരിക്കുന്നത്. ‘Access for All: Women and Girls Bleed Too’ എന്നതാണ് ഈ വർഷത്തെ സന്ദേശം. ഹീമോഫീലിയ ബാധിച്ച സ്ത്രീകൾക്കും പെൺകുട്ടികൾക്കും രോഗനിർണയത്തിലും ചികിത്സയിലും തുല്യത ലഭിക്കണം എന്നതിനാണ് ഈ തീം ഊന്നൽ നൽകുന്നത്.

പരമാവധി മരുന്ന് സംഭരിച്ച് ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയിൽ വികേന്ദ്രീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഹീമോഫീലിയ രോഗ പരിചരണത്തിന് രാജ്യത്ത് ആദ്യമായി നൂതന ചികിത്സയായ വിലയേറിയ എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ഈ സർക്കാരിന്റെ കാലത്ത് ആരംഭിച്ചു. 18 വയസിന് താഴെയുള്ള കുട്ടികൾക്കും 18 വയസിന് മുകളിലുള്ള ഗുരുതര രോഗികൾക്കും ടെക്‌നിക്കൽ കമ്മിറ്റിയുടെ നിർദേശാനുസരണവും എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നൽകി വരുന്നു. നിലവിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 324 പേർക്ക് എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നൽകി വരുന്നുണ്ട്.

കഴിഞ്ഞ വർഷം 58 കോടിയോളം രൂപയുടെ ചികിത്സയാണ് സൗജന്യമായി നൽകിയത്. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കി വരുന്നത്. 2194 ഹീമോഫീലിയ രോഗികളുടെ ചികിത്സയും പരിചരണവും ഈ പദ്ധതിയിലൂടെയാണ് നൽകിവരുന്നത്. ഹീമോഫിലിയ പോലെയുള്ള അപൂർവ രോഗങ്ങൾ ബാധിച്ചവരെ ചേർത്തുനിർത്തുന്ന സമീപനമാണ് സർക്കാർ എക്കാലവും സ്വീകരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു.

<br>
TAGS : HEMOPHILIA | VEENA GEORGE | BLOOD RELATED DISEASES
SUMMARY : First in the country; Health department has prepared treatment guidelines for blood related diseases in women

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *