ചെന്നൈയില്‍ എയര്‍ ഷോയ്ക്ക് ശേഷമുണ്ടായ തിക്കും തിരക്കിലും അഞ്ച് മരണം, 100 പേര്‍ ആശുപത്രിയില്‍; നിർജലീകരണമെന്ന് പ്രാഥമിക നിഗമനം

ചെന്നൈയില്‍ എയര്‍ ഷോയ്ക്ക് ശേഷമുണ്ടായ തിക്കും തിരക്കിലും അഞ്ച് മരണം, 100 പേര്‍ ആശുപത്രിയില്‍; നിർജലീകരണമെന്ന് പ്രാഥമിക നിഗമനം

ചെന്നൈ: ചെന്നൈ എയര്‍ ഷോയ്ക്ക് ശേഷമുണ്ടായ തിക്കും തിരക്കും, കനത്ത ചൂടും, നിർജലീകരണവും കാരണം മരിച്ചവരുടെ എണ്ണം അഞ്ചായി. ഇരുന്നൂറിലധികം പേര്‍ തളര്‍ന്നു വീണു. 100 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊരുക്കുപേട്ട സ്വദേശി ഡി.ജോൺ (56), തിരുവൊട്ടിയൂർ സ്വദേശി കാർത്തികേയൻ (34), പെരുങ്ങലത്തൂർ സ്വദേശി ശ്രീനിവാസൻ, മരക്കാനം സ്വദേശി മണി (55), ദിനേശ് എന്നിവരാണ് മരിച്ചത്. പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

എയര്‍ ഷോ കാണാന്‍ മറീന ബീച്ചില്‍ തടിച്ചുകൂടിയ ജനങ്ങളാണ് തിക്കിലും തിരക്കിലും പെട്ടത്. വന്‍ ജനക്കൂട്ടമായിരുന്നു ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ എയര്‍ ഷോ കാണാനെത്തിയത്. ഏകദേശം 15 ലക്ഷത്തോളം ആളുകള്‍ പരിപാടിക്കെത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വ്യോമസേനയുടെ പരിപാടി അവസാനിച്ചത്. ഇതിന് ശേഷം ട്രാഫിക് കുരുക്കഴിഞ്ഞ് ഗതാഗതം സാധാരണ നിലയിലാകാൻ മൂന്ന് മണിക്കൂറോളം സമയമെടുത്തു. അതിനിടെയാണ് മടങ്ങിപ്പോയവരിൽ അഞ്ച് പേർ മരിച്ചതും നിരവധി പേർ ആശുപത്രിയിലെത്തിയതും. വ്യോമസേനയുടെ 92-ാം വാർഷികത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച പരിപാടിയാണ് ദുരന്തത്തിൽ കലാശിച്ചത്. ഇന്നലെ രാവിലെ 11 മണിക്കാരംഭിച്ച പരിപാടിയിൽ മുഖ്യമന്ത്രി എം കെ സ്റ്റാൻലിൻ ഉൾപ്പടെയുളള നിരവധി വിവിഐപികൾ പങ്കെടുത്തിരുന്നു.

രാവിലെ ഏഴ് മണി മുതല്‍ എയര്‍ ഷോ കാണാന്‍ ആളുകള്‍ എത്തി തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ഷോ അവസാനിച്ചതോടെ എല്ലാവരും ഒരുമിച്ച് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നു. കനത്ത ചൂടും ആളുകള്‍ കുഴഞ്ഞുവീഴുന്നതിന് കാരണമായി.

ട്രാഫിക് അധികൃതരുടെ മോശം ഏകോപനമാണ് പ്രശ്നത്തിന് കാരണമെന്നാണ് ആരോപണം. മറീന ബീച്ചിൽ തടിച്ചുകൂടിയ ജനക്കൂട്ടം പരിപാടിക്ക് ശേഷം പിരിഞ്ഞുപോകാൻ പാടുപെടുമ്പോൾ നഗരത്തിൻ്റെ പല ഭാഗങ്ങളിലും സമാനമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു. 16 ലക്ഷത്തോളം ആളുകളെ അണിനിരത്തി ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കാൻ ലക്ഷ്യമിട്ടായിരുന്നു എയർ ഷോ സംഘടിപ്പിച്ചത്.


<BR>
TAGS : AIR SHOW |
SUMMARY : Five dead, 100 hospitalized in Chennai air show stampede

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *