കുട്ടിക്കടത്ത് റാക്കറ്റ്; ഡോക്ടർ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

കുട്ടിക്കടത്ത് റാക്കറ്റ്; ഡോക്ടർ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

ബെംഗളൂരു: കുട്ടിക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് ഡോക്ടർ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ. കിറ്റൂരിലെ ഡോ. അബ്ദുൾ ലദാഖാൻ, നെഗിൻഹാളിലെ പ്രിയങ്ക ജെയിൻ എന്ന മഹാദേവി ജെയിൻ, ചന്ദന സുബേദാർ, പവിത്ര, പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്.

വിവാഹത്തിന് മുമ്പ് ഗർഭിണികളായ സ്ത്രീകളും ഗർഭച്ഛിദ്രത്തിന് വിധേയരാകാൻ ആഗ്രഹിക്കുന്നവരുമായിരുന്നു സംഘത്തിന്റെ ഇരകൾ. ഇവർക്ക് സൗജന്യ പ്രസവശസ്ത്രക്രിയ നടത്തിയ ശേഷം കുട്ടികളെ സംഘം ഏറ്റെടുക്കും. ഡോക്ടർ അബ്ദുൾ ലദാഖാൻ ആണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. പിന്നീട് കുഞ്ഞുങ്ങളെ 2-3 മാസം പരിചരിക്കുകയും, 60,000 മുതൽ 1.5 ലക്ഷം രൂപയ്ക്ക് വരെ വിൽക്കുകയും ചെയ്യും.

മഹാദേവി ജെയിൻ ആണ് കുട്ടികളെ ആവശ്യമുള്ളവരെ കണ്ടെത്തി വിൽപന നടത്തിയിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ആണ് ഇവർക്കെതിരെ പോലീസിൽ പരാതി നൽകിയത്. താലൂക്ക് ഹെൽത്ത് ഓഫീസർ എസ്.എസ്.സിദ്ധണ്ണവർ ഉൾപ്പെടെയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേർന്നാണ് ഡോ.അബ്ദുളിനെ അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്. പരിശോധനയിൽ ഡോ. അബ്ദുൾ മെഡിക്കൽ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് എന്നും പോലീസ് കണ്ടെത്തി. പ്രതികളിൽ നിന്നും കുട്ടികളെ വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു.

TAGS: ARREST| CRIME| DOCTOR
SUMMARY: Five including doctor arrested for child trafficking

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *