മലയാളി വിദ്യാർഥികളെ ഭീഷണിപ്പെടുത്തി പണം തട്ടൽ; നാല് മലയാളികൾ അറസ്റ്റിൽ

മലയാളി വിദ്യാർഥികളെ ഭീഷണിപ്പെടുത്തി പണം തട്ടൽ; നാല് മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന മലയാളി വിദ്യാർഥികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ നാല് മലയാളികൾ അറസ്റ്റിൽ. ദീപക് ആർ ചന്ദ്ര (37), പ്രമോദ എഎസ് (42), അനന്തകൃഷ്ണ (23) ആദർശ് (22) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയിൽ നിന്നും സിബിഐയുടെ വ്യാജ സീൽ, ഐഡി കാർഡുകൾ എന്നിവ സോളദേവനഹള്ളി പോലീസ് പിടിച്ചെടുത്തു.

മലയാളി വിദ്യാർഥികൾ താമസിച്ചിരുന്ന പിജി, ഹോസ്റ്റലുകൾ, വാടക വീടുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. ആചാര്യ കോളേജിൽ പഠിക്കുന്ന കൊല്ലം സ്വദേശികളായ അമൽ ഷെരീഫ്, അജൻ, അൽത്താഫ്, സിബിൻ, ഹർഷദ്, പത്തനംതിട്ട സ്വദേശി ബെൻലി എന്നിവർ നൽകിയ പരാതിയിലാണ് ഇവർ അറസ്റ്റിലായിട്ടുള്ളത്. അടുത്തിടെ സംഘത്തിന്റെ കെണിയിൽ അഞ്ച് പേരും വീണിരുന്നു.

സിബിഐ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞെത്തിയ സംഘം വിദ്യാർഥികൾ താമസിക്കുന്ന മുറിക്കുള്ളിൽ ലഹരിമരുന്നുണ്ടെന്നു പറയുകയും കേസെടുക്കാതിരിക്കാൻ മൂന്നുലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. സംഘം ആക്രമണത്തിനും മുതിർന്നതായി വിദ്യാർഥികൾ പരാതിയിൽ പറഞ്ഞു. തുടർന്ന് വിദ്യാർഥികൾ 90,000 രൂപ ഗൂഗിൾ പേവഴി കൈമാറി.

പിന്നീട് ബാക്കി പണം നൽകണമെന്നുപറഞ്ഞാണ് ഇവർ മടങ്ങിയത്. എന്നാൽ പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വിദ്യാർഥികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് 12 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി. ഒരു എയർ പിസ്റ്റൾ, കൈവിലങ്ങുകൾ, ഒരു ലാത്തി, മൂന്ന് വ്യാജ ഐഡി കാർഡുകൾ, നാല് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ രണ്ട് കാറുകളും ഇവരുടെ പക്കൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *