നെയ്യാറ്റിൻകര സമാധി കേസ്; ഗോപൻ സ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി

നെയ്യാറ്റിൻകര സമാധി കേസ്; ഗോപൻ സ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി കേസിൽ കല്ലറ പൊളിച്ച് പുറത്തെടുത്ത ഗോപൻ സ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. നെഞ്ചുവരെ ഭസ്‌മവും പൂജാദ്രവ്യങ്ങളും ഇട്ട് മൂടിയ നിലയിലാണ്. മൃതദേഹം ​ഗോപൻ സ്വാമിയുടേതാണെന്നും പോലീസ് അനൗദ്യോ​ഗികമായി അറിയിച്ചു. ഇത് സ്ഥിരീകരിക്കാനായി ഡിഎൻഎ ടെസ്റ്റ് ഉൾപ്പടെ നടത്തും.

തിരുവനന്തപുരം സബ് കളക്ടർ ഒ.വി ആൽഫ്രഡിന്റെ നേതൃത്വത്തിലാണ് നടപടികൾ പുരോ​ഗമിക്കുന്നത്. മക്കൾ പറഞ്ഞത് ശരി വയ്‌ക്കുന്ന തരത്തിലാണ് കല്ലറ പൊളിച്ചപ്പോൾ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും സു​ഗന്ധദ്രവ്യങ്ങൾ ഉൾപ്പടെയുള്ളവ നിറച്ച നിലയിലായിരുന്നു. ഇത് മാറ്റിയതോടെയാണ് അഴുകി തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്.

സംഘർഷസാധ്യത കണക്കിലെടുത്ത് രണ്ട് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം പുലർച്ചെതന്നെ സ്ഥലത്ത് എത്തിയിരുന്നു. ജില്ലാ ഭരണകൂടമാണു കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. കല്ലറയിലേക്കുള്ള വഴി രാവിലെത്തന്നെ അടച്ചു; ഇവിടെ പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല. ടാർപോളിൻ ഉപയോഗിച്ച് കല്ലറ മറച്ചതിനു ശേഷമാണു മേൽമൂടി തുറന്നത്. ഫൊറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ ആർഡിഒയും ഡിവൈഎസ്പിയും മറ്റുമെത്തി കല്ലറ തുറക്കാൻ ശ്രമിച്ചിരുന്നു. ഹിന്ദു ഐക്യവേദി, വിഎസ്ഡിപി സംഘടനകളുടെ നേതാക്കളും കുടുംബവും കടുത്ത എതിർപ്പ് പ്രകടിപ്പിച്ചതോടെ സംഘർഷാവസ്ഥ ഒഴിവാക്കാനായി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. കല്ലറ പരിശോധിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ അംഗീകരിച്ചില്ല. തുടർന്നാണ് ഇന്നു പുലർച്ചെതന്നെ വൻ പോലീസ് സന്നാഹം ഗോപന്റെ വീട്ടിലെത്തിയത്.
<BR>
TAGS : GOPAN SWAMI SAMADHI | DEATH OF GOPAN SWAMI
SUMMARY : Gopan Swamy’s body shifted to Medical College for postmortem

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *