ഗ്രേറ്റര്‍ ബെംഗളൂരു ഗവേണന്‍സ് ബില്‍ സര്‍ക്കാരിന് തിരിച്ചയച്ച് ഗവര്‍ണര്‍

ഗ്രേറ്റര്‍ ബെംഗളൂരു ഗവേണന്‍സ് ബില്‍ സര്‍ക്കാരിന് തിരിച്ചയച്ച് ഗവര്‍ണര്‍

ബെംഗളൂരു: ബെംഗളൂരുവിനെ ഏഴു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളായി വിഭജിക്കുന്ന ഗ്രേറ്റര്‍ ബെംഗളൂരു ഗവേണന്‍സ് ബില്‍ സര്‍ക്കാരിന് തിരിച്ചയച്ച് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട്. സംസ്ഥാന നിയമസഭയുടെ ഇരുസഭകളും അടുത്തിടെ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ ബില്ലില്‍ അവ്യക്തത ഉണ്ടൈന്നും വിശദീകരണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചത്.

ബിബിഎംപിയെ ഏഴ് മിനി കോര്‍പറേഷനുകളായി വിഭജിക്കാനാണ് ബില്ലിലെ പ്രധാന ശുപാര്‍ശ. ഒപ്പം മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവര്‍ക്ക് 30 മാസവും ചീഫ് കമ്മീഷണര്‍മാര്‍, സിറ്റി കമ്മീഷണര്‍മാര്‍ എന്നിവര്‍ക്ക് മൂന്നു വര്‍ഷവും കാലാവധിയാണ് ശുപാര്‍ശ ചെയ്യുന്നത്. കര്‍ണാടക മുനിസിപ്പല്‍ കോര്‍പറേഷന്‍ നിയമം 1976 പ്രകാരം, നിലവില്‍ ബിബിഎംപി മേയറുടെയും ഡെപ്യൂട്ടി മേയറുടെയും കാലാവധി 12 മാസമാണ്. ഭരണവും കാര്യക്ഷമതയും മെച്ചപ്പെടുത്തുക, അഴിമതി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ നീക്കം.

ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെ അധ്യക്ഷന്‍ മുഖ്യമന്ത്രിയും ഉപാധ്യക്ഷന്‍ ബെംഗളൂരു വികസന വകുപ്പ് മന്ത്രിയുമാകും. കൂടാതെ, ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെ പരിധിയിലുളള എംഎല്‍എമാര്‍, എംപിമാര്‍, ഏഴ് മേയര്‍മാരും ബിഎംആര്‍സിഎല്‍, ബിഡബ്ലുഎസ്എസ്ബി, ബിഡിഎ തുടങ്ങിയ ഏജന്‍സികളുടെ തലവന്മാര്‍ എന്നിവര്‍ അംഗങ്ങളാകും. അധികാരം ഒരാളിലേക്ക് കേന്ദ്രീകരിക്കുന്നത് വ്യാപക അഴിമതിക്കും സുതാര്യതയില്ലായ്മക്കും കാരണമാകും.

അധികാര വികേന്ദ്രീകരണം നടന്നില്ലെങ്കില്‍ അഴിമതി കൂടുമെന്നും അതിനാലാണ് ബിബിഎംപിയെ ഒന്നിലേറെ കോര്‍പറേഷനുകളായി വിഭജിക്കാന്‍ ബില്‍ പാസാക്കിയതെന്നും നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച്.കെ പാട്ടീല്‍ പറഞ്ഞു. ഏകോപനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മേയറുടെ കാലാവധി വര്‍ധിപ്പിച്ചതെന്നും, ഗവര്‍ണര്‍ക്ക് വിശദീകരണ റിപ്പോര്‍ ഏപ്രില്‍ ആദ്യവാരത്തിനകം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: BENGALURU | BBMP
SUMMARY: Karnataka Guv returns Greater Bengaluru Governance Bill for clarifications

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *