ദീപാവലി; പരിസ്ഥിതി സൗഹാർദ പടക്കങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് നിർദേശം

ദീപാവലി; പരിസ്ഥിതി സൗഹാർദ പടക്കങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് നിർദേശം

ബെംഗളൂരു: ദീപാവലിയോടാനുബന്ധിച്ച് സംസ്ഥാനത്ത് പരിസ്ഥിതി സൗഹാർദ പടക്കങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് നിർദേശവുമായി വനം പരിസ്ഥിതി വകുപ്പ്. വായു, ശബ്ദ മലിനീകരണങ്ങൾ തടയുന്നതിനും മുതിർന്ന പൗരന്മാരുടെയും കുട്ടികളുടെയും ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്തുമാണ് തീരുമാനമെന്ന് വകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെ പറഞ്ഞു.

കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച പരിസ്ഥിതി സൗഹാർദ പടക്കങ്ങൾ (ഗ്രീൻ ക്രാക്കേർസ്) മാത്രമേ ദീപാവലി ആഘോഷത്തിനായി ഉപയോഗിക്കാൻ പാടുള്ളു. ഇവ ഒഴികെയുള്ള മറ്റ്‌ എല്ലാത്തരം പടക്കങ്ങളുടെയും നിർമ്മാണം, സംഭരണം, വിൽപ്പന എന്നിവ പൂർണമായും സർക്കാർ നിരോധിച്ചിട്ടുണ്ട്.

ഓരോ വർഷവും പടക്കം പൊട്ടിച്ച് കുട്ടികളുടെയും മുതിർന്ന പൗരൻമാരുടെയും കണ്ണിന് പരുക്കേൽക്കുന്ന നിരവധി കേസുകളാണ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പടക്കങ്ങൾ പൂർണമായും ഒഴിവാക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗമെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കിൽ, പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത പടക്കങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ ജനങ്ങൾ തയ്യാറാകണം.

ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെയും സുപ്രീം കോടതിയുടെയും ഉത്തരവുകൾ പ്രകാരം, 125 ഡെസിബെല്ലിനു മുകളിൽ ശബ്ദം പുറപ്പെടുവിക്കുന്ന പടക്കങ്ങൾ, ദോഷകരമായ രാസവസ്തുക്കൾ മൂലം അമിതമായ പുക പുറന്തള്ളുന്നവ എന്നിവ പൂർണമായും നിരോധിച്ചിട്ടുണ്ട്. കൂടാതെ, ദീപാവലി സമയത്ത് പടക്കങ്ങൾ രാത്രി 8 മുതൽ 10 വരെ മാത്രമേ ഉപയോഗിക്കാൻ കഴിയൂ.

TAGS: BENGALURU | DEEPAVALI
SUMMARY: Complete ban on non-green firecrackers for Deepavali in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *