ബിബിഎംപിയെ വിഭജിച്ചേക്കും; ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്ട് മെയ്‌ 15 മുതൽ നടപ്പിലാക്കും

ബിബിഎംപിയെ വിഭജിച്ചേക്കും; ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്ട് മെയ്‌ 15 മുതൽ നടപ്പിലാക്കും

ബെംഗളൂരു: ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകളായി വിഭജിക്കുന്ന ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്ട് മെയ്‌ 15 മുതൽ നടപ്പിലാക്കാൻ മന്ത്രിസഭാ അനുമതി. നിലവിലുള്ള ബിബിഎംപി ആക്ട്, 2021-ന് പകരമായാണ് പുതിയ നയം നടപ്പാക്കുക. ബിബിഎംപിയുടെ വിഭജനത്തിന് മേൽനോട്ടം വഹിക്കാൻ പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കും. പുതിയ കോർപ്പറേഷനുകളുടെ കൃത്യമായ എണ്ണം നിലവിൽ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, നിയമം ഏഴ് കോർപറേഷൻ വരെ അനുവദിക്കുന്നുണ്ട്.

ഏപ്രിലിൽ ഗവർണർ തവാർചന്ദ് ഗെഹ്‌ലോട്ട് ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ അംഗീകരിച്ചിരുന്നു. പുതിയ നയപ്രകാരം മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്ക് 30 മാസവും ചീഫ് കമ്മീഷണർമാർ, സിറ്റി കമ്മീഷണർമാർ എന്നിവർക്ക് മൂന്നു വർഷവും കാലാവധിയാണ് ശുപാർശ ചെയ്യുന്നത്. കർണാടക മുനിസിപ്പൽ കോർപറേഷൻ നിയമം 1976 പ്രകാരം, നിലവിൽ ബിബിഎംപി മേയറുടെയും ഡെപ്യൂട്ടി മേയറുടെയും കാലാവധി 12 മാസമാണ്.

ഭരണവും കാര്യക്ഷമതയും മെച്ചപ്പെടുത്തുക, അഴിമതി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സർക്കാർ നീക്കം. ബിബിഎംപിയെ 10 ലക്ഷം ജനസംഖ്യയുള്ള ചെറു കോർപറേഷനുകളായാകും വിഭജിക്കുക. കോർപറേഷനുകളുടെ മേൽനോട്ടത്തിനും ഏകോപനത്തിനുമായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി സ്ഥാപിക്കും. അതോറിറ്റിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയും ഉപാധ്യക്ഷൻ ബെംഗളൂരു വികസന വകുപ്പ് മന്ത്രിയുമാകും. കൂടാതെ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ പരിധിയിലുളള എംഎൽഎമാർ, എംപിമാർ, ഏഴ് മേയർമാരും ബിഎംആർസിഎൽ, ബിഡബ്ലുഎസ്എസ്ബി, ബിഡിഎ തുടങ്ങിയ ഏജൻസികളുടെ തലവന്മാർ എന്നിവർ അംഗങ്ങളാകും.

TAGS: BENGALURU | BBMP
SUMMARY: Karnataka cabinet approves BBMP rebranding as Greater Bengaluru from May 15

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *