നടൻമാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ല; തനിക്ക് നീതി വേണമെന്ന് ആലുവയിലെ നടി

നടൻമാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ല; തനിക്ക് നീതി വേണമെന്ന് ആലുവയിലെ നടി

കൊച്ചി: നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നടി പറഞ്ഞിരുന്നു. എന്നാല്‍, ഈ തീരുമാനം മാറ്റികൊണ്ടാണിപ്പോള്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി നടി വീണ്ടും രംഗത്തെത്തിയത്.

താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാല്‍ പരാതി പിന്‍വലിക്കില്ലെന്നും എസ്‌ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി. നടന്മാരായ എം മുകേഷ് എംഎല്‍എ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവര്‍ക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. നടന്മാര്‍ക്കെതിരെ പരാതി നല്‍കിയതിനുശേഷം തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനെതിരെ പോലീസ് നടപടി എടുക്കാത്തത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും നടി പറഞ്ഞു.

അതുകൊണ്ടാണ് മനം മടുത്ത് പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍, പരാതിയുമായി മുന്നോട്ടുപോകാന്‍ കുടുംബം ധൈര്യം നല്‍കിയെന്നും അവര്‍ കൂടെയുണ്ടെന്നും നടി പറഞ്ഞു. തനിക്ക് സര്‍ക്കാരില്‍ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും ആരോപിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം പരാതി പിന്‍വലിക്കുകയാണെന്ന് നടി അറിയിച്ചത്.

TAGS : LATEST NEWS
SUMMARY : Harassment complaints against actors won’t be withdrawn, Aluva actress says she wants justice

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *