വേനല്‍ ചൂടിന് ആശ്വാസം; തിരുവനന്തപുരത്ത് കനത്ത മഴ

വേനല്‍ ചൂടിന് ആശ്വാസം; തിരുവനന്തപുരത്ത് കനത്ത മഴ

തിരുവനന്തപുരം ജില്ലയില്‍ കനത്ത വേനല്‍ മഴ. തിരുവനന്തപുരം നഗരത്തിലടക്കം ജില്ലയിലെ മിക്കയിടത്തും ശക്തമായ മഴ ലഭിച്ചു. നഗരത്തില്‍ മണിക്കൂറുകളോളമാണ് മഴ തകർത്ത് പെയ്തത്. അരുവിക്കര ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 3.30ന് ഒന്നു മുതല്‍ അഞ്ച് വരെയുള്ള ഷട്ടറുകള്‍ 10 സെന്റി മീറ്റർ വീതം ഉയർത്തി.

നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഉള്ളൂരില്‍ റോഡിലേക്കും വെള്ളം കയറിയത് ഗതാഗത കുരുക്കുണ്ടാക്കി. ശാസ്തമംഗത്ത് ഓണ്‍ലൈൻ ഭക്ഷണ വിതരണക്കാരനായ യുവാവിന് തോട്ടില്‍ വീണ് പരുക്കേറ്റു. ശാസ്തമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള തുറവൂർ ലൈനിനടുത്താണ് യുവാവ് ബൈക്കുമായി വീണത്.

മഴ തുടർന്നതോടെ നല്ല ഒഴുക്കുണ്ടായിരുന്ന തോട്ടിലേക്ക് വീണ ശ്യാം എന്ന യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. പിന്നാലെ ഫയർഫോഴ്സ് എത്തിയാണ് ബൈക്ക് തോട്ടില്‍ നിന്നും കരയിലെത്തിച്ചത്. കനത്ത മഴ കണക്കിലെടുത്ത് തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാല്‍ ലക്ഷദ്വീപ് തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൂടാതെ ഇന്നും നാളെയും ലക്ഷദ്വീപ് തീരത്ത്‌ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

TAGS : RAIN
SUMMARY : Heavy rain in Thiruvananthapuram

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *