കനത്ത മഴ; ബെംഗളൂരുവിൽ 15 ഓളം വീടുകളിൽ വെള്ളം കയറി

കനത്ത മഴ; ബെംഗളൂരുവിൽ 15 ഓളം വീടുകളിൽ വെള്ളം കയറി

ബെംഗളൂരു: ബെംഗളൂരുവിൽ തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് 15ഓളം വീടുകളിൽ വെള്ളം കയറി. നോർത്ത് ബെംഗളൂരുവിലെ കോഗിലു, യെലഹങ്ക, സൗത്ത് ദത്താത്രേയ നഗർ, ഹോസ്‌കെരഹള്ളി എന്നിവിടങ്ങളിലെ താമസക്കാരെയാണ് മഴ സാരമായി ബാധിച്ചത്. ഈ പ്രദേശത്തെ വീടുകളിലും കടകളിലും വെള്ളം കയറി.

ദത്താത്രേയ നഗർറിലെ മഴവെള്ള അഴുക്കുചാലിൽ വെള്ളം നിറഞ്ഞതോടെ റോഡിലേക്ക് ദിശമാറി ഒഴുകി. ഇത് സംബന്ധിച്ച് ബിബിഎംപിയിൽ പരാതിപ്പെട്ടെങ്കിലും തങ്ങളുടെ പരാതി ഉടനടി പരിഹരിച്ചില്ലെന്ന് താമസക്കാർ ആരോപിച്ചു. രാത്രി 9.30 ഓടെ വീടുകളും മെഡിക്കൽ ഷോപ്പുകളും സലൂണുകളും ഉൾപ്പെടെ വെള്ളം കയറി. ചിലയിടങ്ങളിൽ മരം കടപുഴകി വീണു. ഇതോടെ ഗതാഗതം തടസപ്പെട്ടു.

വീടുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നുണ്ടെന്നും സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ നിരീക്ഷണം തുടരുമെന്നും ബിബിഎംപി അധികൃതർ പറഞ്ഞു. കോഗിലുവിൽ മൂന്ന് വീടുകളിൽ വെള്ളം കയറി. നിർമാണ അവശിഷ്ടങ്ങൾ പലയിടത്തും അഴുക്കുചാലുകളിൽ ഉപേക്ഷിച്ചതാണ് വെള്ളം റോഡിലേക്ക് കയറാൻ കാരണമെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.

കർണാടക പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രത്തിൻ്റെ കണക്കനുസരിച്ച്, സൗത്ത് ബെംഗളൂരുവിലെ വിദ്യാപീഠയിൽ തിങ്കളാഴ്ച രാത്രി 11.30 വരെ 89 മില്ലി മീറ്ററും നയന്ദഹള്ളിയിൽ 67 മില്ലീമീറ്ററും ഹെബ്ബാളിൽ 55 മില്ലീമീറ്ററും കോറമംഗലയിൽ 42 മീറ്ററും മഴ ലഭിച്ചു.

 

TAGS: BENGALURU | RAIN
SUMMARY: 15 houses flooded as rain lashes city

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *