കനത്ത മഴ; തമിഴ്‌നാട്ടിൽ 4 ജില്ലകളിൽ റെഡ് അലർട്ട്, വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജാഗ്രതാ നിർദേശം

കനത്ത മഴ; തമിഴ്‌നാട്ടിൽ 4 ജില്ലകളിൽ റെഡ് അലർട്ട്, വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജാഗ്രതാ നിർദേശം

ചെന്നൈ: തമിഴ്‌നാട്ടിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. നാളെ തേനി, തെങ്കാശി, തിരുനെൽവേലി ജില്ലകളിലും 20ന് തെങ്കാശി, തേനി, കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

അടിയന്തര സാഹചര്യങ്ങളെ നേരിടാൻ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു. ദുരിതാശ്വാസ ക്യാംപുകൾ ഉൾപ്പെടെയുള്ളവ ക്രമീകരിച്ചിട്ടുണ്ട്. 19ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. 20ന് വിരുദുനഗർ ജില്ലയിൽ ഓറഞ്ച് അലർട്ടും 13 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസമായി തമിഴ്‌നാട്ടിലും കനത്ത മഴ തുടരുകയാണ്. ഊട്ടിയില്‍ കനത്ത മഴയെ തുടര്‍ന്ന് റെയില്‍പാലത്തില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കല്ലാര്‍- ഹില്‍ഗ്രോവ് റെയില്‍വേ സ്റ്റേഷന് സമീപത്തെ പാളത്തിലേക്കാണ് കനത്ത മഴയില്‍ മണ്ണിടിഞ്ഞു വീണത്. ഇന്നലെ രാത്രിയാണ് മണ്ണിടിച്ചില്‍. രാവിലെ വിനോദ സഞ്ചാരികളുമായി സര്‍വിസ് ആരംഭിക്കുന്നതിന് മുന്‍പാണ് ട്രാക്കില്‍ പാറയുള്ളതായി ഉദ്യോഗസ്ഥര്‍ മനസിലാക്കിയത്. തുടര്‍ന്ന് യാത്ര റദ്ദാക്കി.

ഇതേ തുടര്‍ന്ന് മേട്ടുപ്പാളയം- ഉദഗമണ്ഡലം (ഊട്ടി) 06136 നമ്പര്‍ ട്രെയിനാണ് റദ്ദാക്കിയിട്ടുള്ളത്. പാതയില്‍നിന്നും മണ്ണ് നീക്കിയതിനു ശേഷം മാത്രമേ ഗതാഗതം പുനസ്ഥാപിക്കാനാകൂ. യാത്ര റദ്ദാക്കിയതിനെ തുടര്‍ന്ന് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുകയും ചെയ്തു.

കനത്ത മഴയെ തുടര്‍ന്ന് മൂന്നുദിവസത്തേക്ക് ഊട്ടി യാത്ര ഒഴിവാക്കണമെന്നും നീലഗിരി ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ കൂനൂര്‍, മേട്ടുപ്പാളയം എന്നിവിടങ്ങളില്‍ 17 സെ.മി മഴ ലഭിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ മഴയാണിത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *