ബെംഗളൂരുവിൽ അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും

ബെംഗളൂരുവിൽ അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. തിങ്കളാഴ്ച മുതൽ നഗരത്തിൽ ഇടതടവില്ലാതെ മഴ പെയ്ത സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ഐഎംഡി നിർദേശിച്ചിട്ടുണ്ട്.

അടുത്ത മൂന്ന് ദിവസങ്ങളിൽ നഗരത്തിൽ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കാൻ സാധ്യതയുണ്ട്. പൊതുജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണം. ട്രാഫിക് പോലീസ് നിർദേശം അനുസരിച്ച് വാഹനയാത്രക്കാർ സഞ്ചരിക്കണമെന്നും ഐഎംഡി ശാസ്ത്രജ്ഞനും ഡയറക്ടറുമായ സി.എസ്. പാട്ടീൽ പറഞ്ഞു. ബെംഗളൂരു കൂടാതെ കോലാർ, ചിക്കബല്ലാപുർ, തുമകുരു, രാമനഗര, മാണ്ഡ്യ, ചാമരാജനഗർ, ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, ശിവമോഗ, ചിക്കമഗളൂരു, ഹാസൻ, കുടക്, ധാർവാർഡ്, ബെലഗാവി, ഹാവേരി ജില്ലകളിലും അതിശക്തമായ മഴയ്ക്കാണ് സാധ്യത. ബുധനാഴ്ച ബംഗളൂരുവിലെ കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 22 ഡിഗ്രി സെൽഷ്യസും 20 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് ഐഎംഡി അറിയിച്ചു.

ചൊവ്വാഴ്ച രാത്രി നഗരത്തിൽ പെയ്ത മഴയിൽ നിരവധി റോഡുകളിൽ വെള്ളം കയറുകയും, ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. ഐഎംഡിയുടെ കണക്കനുസരിച്ച് ചൊവ്വാഴ്ച ബെംഗളൂരുവിൽ 59.8 മില്ലീമീറ്ററും, എച്ച്എഎൽ വിമാനത്താവളത്തിൽ 80.1 മില്ലീമീറ്ററും കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈകുന്നേരം 5.30 വരെ 4.2 മില്ലീമീറ്ററും മഴ ലഭിച്ചു.

TAGS: BENGALURU | RAIN
SUMMARY: Bengaluru to witness heavyrainfall for next three days,IMD

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *