ആന്ധ്രയിലും തെലങ്കാനയിലും അതിശക്തമായ മഴ; 140 ട്രെയിനുകൾ റദ്ദാക്കി, കനത്ത നാശനഷ്ടം

ആന്ധ്രയിലും തെലങ്കാനയിലും അതിശക്തമായ മഴ; 140 ട്രെയിനുകൾ റദ്ദാക്കി, കനത്ത നാശനഷ്ടം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും തുടരുന്ന ശക്തമായ മഴ കനത്ത നാശനഷ്ടം വിതച്ചു. പലയിടത്തും റോഡ്, റെയിൽ ഗതാഗതത്തെ മഴ കാര്യമായി ബാധിച്ചു. സൗത്ത് സെൻട്രൽ റെയിൽവെ വിജയവാഡ ഡിവിഷനിൽ 140 ട്രെയിനുകൾ റദ്ദാക്കി. 97 എണ്ണം വഴിതിരിച്ചു വിട്ടതായും റെയിൽവെ അറിയിച്ചു. നദികളെല്ലാം കരകവിഞ്ഞൊഴുകിയതോടെ സംസ്ഥാന, ദേശീയ ദുരന്തനിവാരണ അതോറിറ്റി രക്ഷാപ്രവർത്തനവുമായി രംഗത്തെത്തി. ഇരു സംസ്ഥാനങ്ങളിലുമായി 26 എൻ‌ഡി‌ആർ‌എഫ് സംഘങ്ങളെയാണ് വിന്യസിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു. തെലങ്കാനയിൽ ഒമ്പത് പേർ മഴക്കെടുതിയിൽ മരിച്ചതായും മൂന്നുപേ‌‌ർ ഒഴുകിപ്പോയതായും സർക്കാർ സ്ഥിരീകരിച്ചു. മഹബൂബാബാദ്, ഖമ്മം, സൂര്യപേട്ട് അടക്കം ജില്ലകളിൽ മഴക്കെടുതി രൂക്ഷമാണ്.

ആന്ധ്രയിൽ 15 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. ശ്രീകാകുളം, അല്ലൂരി സീതാരാമ രാജു, വിജയനഗരം, പാർവതിപുരം മന്യം, കാക്കിനട അടക്കം വിവിധ ജില്ലകളിൽ വരും മണിക്കൂറുകളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 17000ത്തോളം ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് നീക്കി. 107 ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. മഴ സാഹചര്യം വിലയിരുത്താൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയിൽ യോ​ഗം ചേർന്നിരുന്നു. മഴക്കെടുതികളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

വരുംദിവസങ്ങളിലും ഇരു സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് വിവരം. വടക്കൻ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങളിൽ രൂപപ്പെട്ട ന്യൂനമർദം കഴിഞ്ഞ രണ്ട് ദിവസമായി ഇരു സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് കാരണമാകുന്നുണ്ട്. ന്യൂനമർദം വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
<BR>
TAGS : HEAVY RAIN | ANDRA PRADESH | TELANGANA
SUMMARY : Heavy rains in Andhra and Telangana; 140 trains canceled, heavy damage

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *