കൊച്ചിയിൽ അതിതീവ്ര മഴ: വെള്ളക്കെട്ടിൽ മുങ്ങി റോഡുകൾ

കൊച്ചിയിൽ അതിതീവ്ര മഴ: വെള്ളക്കെട്ടിൽ മുങ്ങി റോഡുകൾ

കൊച്ചി: കൊച്ചിയിൽ ഇന്ന് പെയ്ത അതിതീവ്രമഴയിൽ ന​ഗരം മുങ്ങി. ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. അപകടകരമായ സാഹചര്യമാണ് ഇപ്പോള്‍ കൊച്ചിയിൽ നിലനിൽക്കുന്നത്. കാക്കനാട് ഇൻഫോ പാർക്കിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കളമശേരിയിൽ വെള്ളക്കെട്ടിനൊപ്പം രൂക്ഷമായ മഴ ഇപ്പോഴും തുടരുകയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. ആലുവ-ഇടപ്പള്ളി റോഡിലും സഹോദരന്‍ അയ്യപ്പന്‍ റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്. ശക്തമായ മഴയെ  തുടര്‍ന്ന് നഗരത്തില്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്. വൈറ്റില, കളമശ്ശേരി, പാലാരിവട്ടം എന്നിവിടങ്ങളില്‍ രാവില മുതല്‍ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്

2 മണിക്കൂറായി അതിതീവ്രമഴയാണ് കൊച്ചിയിൽ പെയ്തിറങ്ങുന്നത്. കണ്ടെയ്നർ റോഡിൽ നിന്നും കളമശേരിയിലേക്കുള്ള റോഡ്  പൂർണമായി  വെള്ളത്തിനടിയിലായി. ഏകദേശം വാഹനങ്ങളുടെ അരപ്പൊക്കത്തിലാണ് സ്ഥലത്ത് വെള്ളം ഉയർന്നിരിക്കുന്നത്. ഇവിടെയും വാഹന ​ഗതാ​ഗതം പൂർണമായി തടസപ്പെട്ടു. മിനിറ്റുകൾ വച്ച് വെള്ളം ഉയരുന്ന സ്ഥിതിയാണ് കളമശേരിയിൽ. തിരമാല പോലെ വെള്ളമടിച്ചുകയറുന്നു. കളമളേരിക്കൊപ്പം തൃക്കാക്കരയിലും കനത്ത വെള്ളക്കെട്ടാണുള്ളത്.

ഫോർട്ട് കൊച്ചിയിൽ കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം വീണ് അപകടമുണ്ടായി. ആർക്കും പരുക്കില്ല. വെെറ്റില , കളമശേരി, എം ജി  റോഡ്, കലൂർ എന്നിവിടങ്ങളിലും ​ഗതാ​ഗത കുരുക്ക് രൂക്ഷമാണ്. അതേസമയം വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *