ഹെബ്ബാൾ മേൽപ്പാലത്തിൽ റാംപ് നിർമാണം; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ഹെബ്ബാൾ മേൽപ്പാലത്തിൽ റാംപ് നിർമാണം; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിൻ്റെ കെആർ പുരം അപ്-റാംപിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു. നിയന്ത്രണം ചൊവ്വാഴ്ച മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാബല്യത്തിൽ ഉണ്ടാകും. ബെംഗളൂരു വികസനം അതോറിറ്റിയാണ് പാതയിലെ വികസന പ്രവർത്തനങ്ങൾക്ക് ചുമതല വഹിക്കുന്നത്.

ഏപ്രിൽ 17 മുതൽ കെആർ പുരം ഭാഗത്ത് നിന്ന് ഹെബ്ബാൾ മേൽപാലത്തിലേക്ക് പ്രവേശിക്കാനുള്ള റാംപ് വഴി ഇന്ന് മുതൽ ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ളവയ്ക്ക് പ്രവേശനം നിയന്ത്രിച്ചിരുന്നു. എന്നാൽ ഇനിമുതൽ എല്ലാത്തരം വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. നാഗവാര ഭാഗത്ത് നിന്ന് മേക്കറി സർക്കിൾ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഹെബ്ബാൾ മേൽപാലത്തിന് അടിയിൽകൂടി വലത്തോട്ട് തിരിഞ്ഞ് കോടിഗേഹള്ളി വഴി മേക്കറി സർക്കിളിലേക്ക് പോകണം.

കെആർ പുരം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഹെബ്ബാളിലെ തിരക്ക് ഒഴിവാക്കാൻ മാരുതിസേവാ നഗർ ഐഒസി–മുകുന്ദ തിയറ്റർ റോഡ്, ലിംഗരാജപുരം മേൽപാലം, നാഗവാര–ടാന്നറി റോഡ് എന്നീ പാതകൾ ഉപയോഗിക്കണം. ഹെഗ്ഡെനഗർ –തനിസാന്ദ്ര വഴി വരുന്നവർ ജികെവികെ–ജക്കൂർ റോഡ് വഴി നഗരത്തിൽ പ്രവേശിക്കണം. കെആർപുരം ഭാഗത്ത് നിന്ന് യശ്വന്തപുരയിലേക്ക് പോകേണ്ടവർ ഹെബ്ബാൾ മേൽപാലത്തിന് താഴെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ബിഇഎൽ സർക്കിൾ, സദാശിവനഗർ പൊലീസ് സ്റ്റേഷൻ ജംഗ്ഷൻ വഴി പോകണം.

കെആർ പുരം, ഹെന്നൂർ, എച്ച്ആർബിആർ ലേൗട്ട്, ബാനസവാടി, കെജി ഹള്ളി ഭാഗങ്ങളിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് പോകേണ്ടവർ ഹെന്നൂർ–ബാഗലൂർ സമാന്തര റോഡിനെ ആശ്രയിക്കണം.

കെആർ പുരം മുതൽ ഹെബ്ബാൾ വരെ രണ്ട് പ്രത്യേക പാതകളാണ് ബിഡിഎ നിർമിക്കുന്നത്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് തുമകുരു റോഡ്, ഔട്ടർറിങ് റോഡ്, ബെള്ളാരി റോഡ് എന്നിവയെ ബന്ധിപ്പിച്ച് റാംപുകൾ നിർമിക്കുന്നത്. പ്രതിദിനം മൂന്നരലക്ഷം വാഹനങ്ങൾ കടന്നുപോകുന്ന മേൽപാലത്തിലെ റാംപ് നിർമാണം 5 മാസം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *