ഹെബ്ബാൾ – സിൽക്ക് ബോർഡ്‌ തുരങ്കപാത; വിശദ റിപ്പോർട്ട്‌ ഉടൻ തയ്യാറാക്കും

ഹെബ്ബാൾ – സിൽക്ക് ബോർഡ്‌ തുരങ്കപാത; വിശദ റിപ്പോർട്ട്‌ ഉടൻ തയ്യാറാക്കും

ബെംഗളൂരു: ഹെബ്ബാൾ – സിൽക്ക് ബോർഡ്‌ തുരങ്കപാതയുടെ വിശദ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ (ഡിപിആർ) ഉടൻ തയ്യാറാക്കുമെന്ന് ബിബിഎംപി അറിയിച്ചു. പദ്ധതിക്കായി പുതിയ കൺസൾട്ടന്‍റിനെ നിയോഗിക്കാൻ ബിബിഎംപി പദ്ധതിയിടുകയാണ്. നമ്മ മെട്രോ മൂന്നാംഘട്ടത്തിലെ ഹെബ്ബാൾ കെംപാപുര- സർജാപുര റോഡ് പാതയ്ക്ക് സമാന്തരമായി ഹെബ്ബാൾ – സിൽക്ക്ബോർഡ് 18 കിലോമീറ്റർ ദൈർഘ്യം വരുന്ന തുരങ്കപാത നിർമിക്കാനാണ് ലക്ഷ്യം.

നഗരത്തിലെ ട്രാഫിക് പ്രശ്‌നം പരിഹരിക്കുന്നതിന് വർഷങ്ങളായി സർക്കാർ നിർദ്ദേശിച്ച ഏറ്റവും പുതിയ പദ്ധതിയാണിത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഹെബ്ബാളിനും സെൻട്രൽ സിൽക്ക് ബോർഡിനും ഇടയിൽ 18 കിലോമീറ്റർ ടണൽ റോഡ് നിർമിക്കാനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. ഈ സ്‌ട്രെച്ചിൽ വാഹനങ്ങൾക്ക് അഞ്ച് എൻട്രി, എക്‌സിറ്റ് പോയിന്‍റുകൾ ഉണ്ടായിരിക്കും

ലാൽബാഗിലെ കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് (കെഎസ്ആർപി) ക്വാർട്ടേഴ്‌സ്, ബെംഗളൂരു ഗോൾഫ് ക്ലബ്, സെൻട്രൽ സിൽക്ക് ബോർഡ്, പാലസ് ഗ്രൗണ്ട്, ഹെബ്ബാൽ മേൽപ്പാലത്തിന് സമീപമുള്ള എസ്റ്റീം മാളിനോട് ചേർന്നുള്ള ഒഴിഞ്ഞ സർക്കാർ ഭൂമി എന്നിവയാണ് ഈ പോയിന്‍റുകൾ.

ഈ റോഡ് ഹെബ്ബാൾ എസ്റ്റീം മാൾ ജംഗ്ഷനെയും സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷനെയും ബന്ധിപ്പിക്കും.

നഗരത്തിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്ര ഇതുറപ്പുവരുത്തും. പല ഘട്ടങ്ങളായി ആയിരിക്കും ബിബിഎംപി പദ്ധതി പൂർത്തിയാക്കുക. ഹെബ്ബാൾ മുതൽ പാലസ് ഗ്രൗണ്ട് വരെയുള്ള ഭാഗത്തെ നിർമാണമാണ് ആദ്യം ആരംഭിക്കുക. മണിക്കൂറിൽ 35-40 കി.മീ വേഗതയിലുള്ള യാത്രയായിരിക്കും അനുവദനിക്കുക.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *