ഹീലിയം ചോര്‍ച്ച; സുനിതാ വില്യംസിൻറെയും ബുച്ച്‌ വില്‍മോറിന്റെയും മടങ്ങി വരവ് ആറുമാസം കൂടി നീളുമെന്ന് നാസ

ഹീലിയം ചോര്‍ച്ച; സുനിതാ വില്യംസിൻറെയും ബുച്ച്‌ വില്‍മോറിന്റെയും മടങ്ങി വരവ് ആറുമാസം കൂടി നീളുമെന്ന് നാസ

ന്യൂയോർക്ക്: സുനിതാ വില്യംസിൻറെയും സഹയാത്രികൻ ബുച്ച്‌ വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള മടങ്ങി വരവ് ആറുമാസം കൂടി നീളുമെന്ന് നാസ. 2025 ഫെബ്രുവരിയോടെയായിരിക്കും ഇരുവരെയും ഭൂമിയിലേക്ക് എത്തിക്കാനാകുക എന്നാണ് നാസ നല്‍കുന്ന ഏറ്റവും പുതിയ വിവരം.

വെറും എട്ടുദിവസത്തെ ദൗത്യത്തിനായി പോയ ഇവർ ഏകദേശം രണ്ടുമാസമായി ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്നു. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തില്‍ സുനിത വില്യംസും, ബുച്ച്‌ വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂണ്‍ ആറിന് ഐ.എസ്.എസിലെത്തി ജൂണ്‍ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി.

ഈ ബഹിരാകാശ പേടകം മുമ്പ് ഐഎസ്‌എസിലേക്ക് രണ്ട് യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായിരുന്നു സുനിതയും വില്‍മോറും. വിക്ഷേപണത്തിന് മുമ്പ് സ്റ്റാർലൈനറിന്റെ പ്രൊപ്പല്‍ഷൻ സിസ്റ്റത്തില്‍ ഹീലിയം ചോർച്ച കണ്ടെത്തുകയായിരുന്നു. ഇതുകാരണം യാത്ര പലതവണ മാറ്റിവെച്ചു. ഒടുവില്‍ ജൂണ്‍ അഞ്ചിന് വിക്ഷേപണം വിജയകരമാകുകയും 24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി നിലയത്തിലെത്തി.

എട്ടുദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. ജൂണ്‍ 13 നായിരുന്നു ആദ്യ മടക്കയാത്ര തീരുമാനിച്ചിരുന്നത്. തുടർന്നത് ജൂണ്‍ 26 ലേക്ക് നീട്ടിവെച്ചു. ബോയിംഗ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണമാണ് സുനിത വില്യംസിനും ബുച്ച്‌ വില്‍മോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങാൻ സാധിക്കാത്തത്. സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറും ഹീലിയം ചോർച്ചയും ഇരുവരുടെയും ദൗത്യം നീട്ടിക്കൊണ്ടുപോയി.

ദൗത്യം അനിശ്ചിതമായി നീളുന്നത് ബഹിരാകാശ സഞ്ചാരികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍. മൈക്രോഗ്രാവിറ്റി റേഡിയേഷൻ കൂടുതല്‍ നേരം ഏല്‍ക്കേണ്ടി വരുന്നതിനാല്‍ ബഹിരാകാശയാത്രികരുടെ അസ്ഥികള്‍ക്കും പേശികള്‍ക്കും ക്ഷയം സംഭവിക്കാൻ സാധ്യതയുണ്ട്.

കുറഞ്ഞ ഗുരുത്വാകർഷണം മൂലം മസ്തിഷ്‌കത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. ദീർഘനാള്‍ ബഹിരാകാശത്ത് തങ്ങുന്നത് യാത്രികരുടെ തലച്ചോറിന്റെ ഘടനയില്‍ മാറ്റം വരുത്തുമെന്നും പഠനങ്ങള്‍ പറയുന്നു.

TAGS : NASA | SUNITA WILLIAMS
SUMMARY : Helium leakage; NASA says the return of Sunita Williams and Butch Wilmore will take another six months

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *