അധ്യാപകര്‍ ചൂരല്‍ കൈയില്‍ കരുതട്ടെ എന്ന്‌ ഹൈക്കോടതി

അധ്യാപകര്‍ ചൂരല്‍ കൈയില്‍ കരുതട്ടെ എന്ന്‌ ഹൈക്കോടതി

കൊച്ചി: സ്കൂളിലെ അച്ചടക്കവുമായി ബന്ധപ്പെട്ട് അദ്ധ്യാപകർക്കെതിരേയുള്ള പരാതികളില്‍ ഉടനടി കേസെടുക്കരുതെന്ന് ഹൈക്കോടതി. അതിന് മുമ്പ് പ്രാഥമികാന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പരാതിയില്‍ കഴമ്പുണ്ടോയെന്നാണ് ആദ്യം അറിയേണ്ടത്. വിദ്യാലയങ്ങളില്‍ അച്ചടക്കം ഉറപ്പു വരുത്താൻ അദ്ധ്യാപകർ ചെറിയ ചൂരല്‍ കൈയില്‍ കരുതട്ടെയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

ഭാവി തലമുറയെ വാർത്തെടുക്കുന്നവരാണ് അദ്ധ്യാപകരെന്ന് കോടതി നിരീക്ഷിച്ചു. ആറാം ക്ലാസുകാരനെ ചൂരല്‍ കൊണ്ട് അടിച്ചെന്ന പരാതിയില്‍ വിഴിഞ്ഞം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അധ്യാപകന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് പി. വി.കുഞ്ഞികൃഷ്ണന്‍ ഈ പരാമര്‍ശം നടത്തിയത്. അധ്യാപകര്‍ക്കെതിരെയുള്ള പരാതികളില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം കേസെടുത്താല്‍ മതിയെന്നും ഇതു സംബന്ധിച്ച്‌ പൊലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

സ്‌കൂളുകളിലടക്കം അതിക്രമങ്ങളും ലഹരി ഉപയോഗവും മറ്റും വര്‍ദ്ധിച്ചുവരുന്നതിനു കാരണം വിദ്യാര്‍ഥികള്‍ക്കിടയിലെ അച്ചടക്കരാഹിത്യമാണെന്നും പോലീസ് കേസു ഭയന്ന് അധ്യാപകര്‍ക്ക് കുട്ടികളെ നിയന്ത്രിക്കാന്‍ പഴയുപോലെ കഴിയുന്നില്ലെന്നും വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയില്‍ ഒട്ടേറെപ്പേര്‍ ഹൈക്കോടതി നിരീക്ഷണത്തിനു പിന്തുണയുമായി എത്തിയത്. ചൂരല്‍ എപ്പോഴും ഉപയോഗിക്കണമെന്നില്ല. അതേസമയം ചൂരല്‍ അധ്യാപകരുടെ കൈവശം ഇരിക്കുന്നത് നല്ലതാണെന്നായിരുന്നു കോടതി നിരീക്ഷണം.

സാമൂഹിക തിന്മകളില്‍ നിന്നടക്കം വിട്ടു നില്‍ക്കാനുള്ള മാനസികാവസ്ഥ കുട്ടികളില്‍ സൃഷ്ടിക്കാന്‍ അതു പ്രയോജനപ്പെടും. ക്രിമിനല്‍ കേസ് ഉണ്ടാകുമെന്ന് ഭയപ്പെട്ട് സ്‌കൂളുകളിലും കോളേജുകളിലും അധ്യാപകര്‍ക്ക് ജോലി ചെയ്യാനാവില്ല. ഒന്ന് തള്ളിയാല്‍ പോലും വിദ്യാര്‍ഥികളുടെയോ രക്ഷിതാക്കളുടേയോ പരാതിയുണ്ടാകുകയും അതിന്‍മേല്‍ അധ്യാപകര്‍ക്ക് എതിരെ കേസെടുക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇത് പാടില്ല. പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തി വേണമെങ്കില്‍ അധ്യാപകന് നോട്ടീസ് നല്‍കാം. പക്ഷേ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.

TAGS : HIGH COURT
SUMMARY : High Court says teachers should carry canes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *