ആലപ്പുഴ ജില്ലയിൽ കടൽ നൂറ് മീറ്റർ ഉൾവലിഞ്ഞു; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

ആലപ്പുഴ ജില്ലയിൽ കടൽ നൂറ് മീറ്റർ ഉൾവലിഞ്ഞു; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

ആലപ്പുഴ: കേരളത്തിലെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നിലനിൽക്കെ ആലപ്പുഴ തോട്ടപ്പള്ളിയിൽ കടൽ ഉൾവലിഞ്ഞു. വൈകിട്ട് നാലു മണിയോടെ നൂറ് മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. മേഖലയിൽ ഇതേ അവസ്ഥ തുടരുകയാണ്. ഇതേ തുടർന്ന് തീരത്ത് ചെളിയടിഞ്ഞ നിലയിലാണ്. ഈ വർഷം മാർച്ചിൽ ജില്ലയിലെ പുറക്കാട് തീരത്ത് കടൽ ഉൾവലിഞ്ഞത് തീരവാസികളിൽ ആശങ്ക പരത്തിയിരുന്നു. മണിക്കൂറുകൾക്ക് ശേഷം കടൽ പൂർവസ്ഥിതിയിലേക്ക് എത്തുകയായിരുന്നു. അതിനിടെ, കഴിഞ്ഞ രണ്ടു ദിവസമായി തോട്ടപ്പള്ളിയുടെ തെക്ക് പ്രദേശങ്ങളായ തൃക്കുന്നപ്പുഴ, വലിയഴിക്കൽ പ്രദേശങ്ങളിൽ കടലേറ്റം രൂക്ഷമാണ്.

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാലാണ് റെ‍‍ഡ് അലർട്ട് പ്രഖ്യാപിച്ചത്. രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയത്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്ന് രാത്രിയും വിവിധ ജില്ലകളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. വരുന്ന മൂന്ന് മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ്  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും  സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും   സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
<BR>
TAGS : SEA EROSION | ALAPPUZHA NEWS
SUMMARY : In Alappuzha district, the sea receded a hundred meters; Extreme caution in coastal areas, red alert

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *