രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; കേരളത്തിൽ 1336 പേർക്ക് രോഗം,​ ഒരു മരണം

രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; കേരളത്തിൽ 1336 പേർക്ക് രോഗം,​ ഒരു മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 3000 കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 3395 ആക്ടീവ് കോവിഡ് കേസുകളാണ് ഇന്ത്യയിലുള്ളത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 1336 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1435 പേർ രോഗമുക്തരായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

കേരളത്തിന് തൊട്ടുപിന്നിൽ ഏറ്റവും കൂടുൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഡൽഹി, ഗുജറാത്ത്, കർണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കോവിഡ് വ‍ർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. ഈ വർഷത്തെ ആദ്യ അഞ്ച് മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡൽഹി, ഗുജറാത്ത്, കർണാടക, പഞ്ചാബ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഓരോ മരണങ്ങൾ വീതവും റിപ്പോർട്ട് ചെയ്യപ്പെട്ടു.

അതേസമയം സാഹചര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് സംസ്ഥാനം കൂടുതൽ പരിശോധനകൾ നടത്തിയതുകൊണ്ടാകാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.  കേസുകളുടെ വർധന കണക്കിലെടുത്ത്, കിടക്കകൾ, ഓക്സിജൻ സിലിണ്ടറുകൾ, പരിശോധനാ കിറ്റുകൾ, വാക്സിനുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്താൻ നിരവധി സംസ്ഥാനങ്ങൾ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രായമായവരും അനുബന്ധ രോഗങ്ങളുള്ളവരും തിരക്കേറിയ പ്രദേശങ്ങളിലേക്ക് പോകുമ്പോൾ മാസ്ക് ധരിക്കാനും നിർദ്ദേശമുണ്ട്.

കേരളത്തിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധനകളും മതിയായ മരുന്നുകളും ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പൊതുസ്ഥിതി വിലയിരുത്തിയിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *