അണ്ടർ 19 വനിതാ ലോകകപ്പ് ഇന്ത്യയ്ക്ക്; ദക്ഷിണാഫ്രിക്കയെ തകർത്തത് 9 വിക്കറ്റിന്

അണ്ടർ 19 വനിതാ ലോകകപ്പ് ഇന്ത്യയ്ക്ക്; ദക്ഷിണാഫ്രിക്കയെ തകർത്തത് 9 വിക്കറ്റിന്

ക്വാലലംപൂർ: അണ്ടർ 19 വനിതാ ലോകകപ്പ് ക്രിക്കറ്റിൽ കിരീടം നിലനിർത്തി ഇന്ത്യ. ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 9 വിക്കറ്റ് വിജയവുമായാണ് ഇന്ത്യയുടെ കിരീടനേട്ടം. ഏകപക്ഷീയമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുയർത്തിയ 83 റൺസ് വിജയലക്ഷ്യത്തിലേക്ക് 11.2 ഓവറിൽ ഇന്ത്യയെത്തി.

ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ യുവനിര ബാറ്റിംഗ് തിരഞ്ഞെടുത്തു. സ്പിന്നർമാരുടെ കരുത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടിയത്. തൃഷ നാല് ഓവറിൽ 15 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. ആയുഷി ശുക്ല നാല് ഓവറിൽ രണ്ട് മെയ്ഡൻ ഉൾപ്പടെ ഒമ്പത് റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റെടുത്തു. നാല് ഓവറിൽ ആറ് റൺസ് മാത്രം വിട്ടുനൽകിയാണ് പരുണിക സിസോദിയ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കായി 23 റൺസെടുത്ത മീകെ വാൻ വൂസ്റ്റ് ആണ് ടോപ് സ്കോററായത്. നാലാം ഓവറിന്റെ അവസാന പന്തിൽ ജെമ്മ ബോത്ത 16 റൺസ് എടുത്തശേഷം പുറത്തായി. ഫയ് കൗളിംഗ് 15 റൺസും നേടി.

മറുപടി ബാറ്റിങ്ങിൽ അഞ്ചാം ഓവറിൽ ജി. കമാലിനിയെ (13 പന്തിൽ എട്ട്) നഷ്ടമായെങ്കിലും കൂടുതൽ വിക്കറ്റുകൾ പോകാതെ ഇന്ത്യ വിജയത്തിലെത്തി. 33 പന്തിൽ 44 റൺസെടുത്ത് ഗൊങ്കഡി തൃഷയും 22 പന്തിൽ 26 റൺസെടുത്ത സനിക ചൽക്കെയും നിലയുറപ്പിച്ചതോടെ 52 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ വിജയറൺസ് കുറിച്ചു. മലയാളി താരം വി ജെ ജോഷിതയും കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ ജോഷിത ആറ് വിക്കറ്റ് കൊയ്തു.
<br>
TAGS : U-19 WORLD CUP
SUMMARY: India wins U-19 Women’s World Cup; beats South Africa by 9 wickets

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *