ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി; സെമി ഉറപ്പിച്ച് ഇന്ത്യ

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി; സെമി ഉറപ്പിച്ച് ഇന്ത്യ

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. നാലാം ലീഗ് മല്‍സരത്തില്‍ ദക്ഷിണ കൊറിയയെയാണ് ഇന്ത്യ കീഴടക്കിയത്. കൊറിയക്കെതിരെ കളി തുടങ്ങി എട്ടാം മിനിട്ടില്‍ ഗോള്‍ നേടിക്കൊണ്ട് അരിജിത് സിങ്ങ് ഹുന്‍ഡാല്‍ ആണ് ഇന്ത്യയുടെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. കൊറിയന്‍ പ്രതിരോധം കീറിമുറിച്ച് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയ നിരന്തര മുന്നേറ്റങ്ങള്‍ക്കൊടുവില്‍ ഡി സര്‍ക്കിളിനകത്ത് ലഭിച്ച പാസില്‍ നിന്നാണ് അരിജിത് സിങ്ങ് ഗോള്‍ നേടിയത്. തൊട്ടടുത്ത മിനിട്ടില്‍ ഇന്ത്യ ലീഡ് ഉയര്‍ത്തി. പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് വന്ന പന്ത് ഡ്രാഗ് ഫ്ലിക്കിലൂടെ വലയിലെത്തിച്ചത് ക്യാപ്റ്റൻ ഹര്‍മന്‍ പ്രീത് സിങ്ങായിരുന്നു.

ഒന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. രണ്ടാം ക്വാര്‍ട്ടറില്‍ മികച്ച ഒന്നു രണ്ട് ഗോളവസരങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ പാഴാക്കുന്നത് കണ്ടു. മറുപടി ഗോളിനായി പൊരുതിയ കൊറിയയുടെ ശ്രമങ്ങള്‍ മുപ്പതാം മിനിട്ടില്‍ ഫലം കണ്ടു. കൊറിയക്കനുകൂലമായി ലഭിച്ച പെനാല്‍ട്ടി കോര്‍ണറില്‍ നിന്ന് ടൂര്‍ണമെന്‍റിലെ അവരുടെ ടോപ്പ് ഗോള്‍ സ്കോററായ ജിഹുന്‍ യാങ്ങ് ഡ്രാഗ് ഫ്ലിക്കിലൂടെ പന്ത് വലയിലെത്തിച്ചു. നാലാം ക്വാര്‍ട്ടറില്‍ പന്ത് ഇരു വശത്തും കയറിയിറങ്ങിയെങ്കിലും ഗോളൊന്നും നേടാന്‍ ഇരു ടീമുകള്‍ക്കുമായില്ല. ഈ ജയത്തോടെ ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ സെമിയില്‍ സ്ഥാനമുറപ്പിച്ചു. റൗണ്ട് റോബിന്‍ ലീഗിലെ അവസാന മത്സരത്തിൽ ശനിയാഴ്ച ഇന്ത്യ പാക്കിസ്ഥാനെ നേരിടും.

TAGS: SPORTS | HOCKEY
SUMMARY: Indian team enters semi in Asian Championship Hockey beating korea

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *