ശബരിമല തീർത്ഥാടകർക്ക് ഇൻഷ്വറൻസ് പരിരക്ഷ

ശബരിമല തീർത്ഥാടകർക്ക് ഇൻഷ്വറൻസ് പരിരക്ഷ

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന തീർത്ഥാടകർക്കും ദേവസ്വം ജീവനക്കാർക്കുമായി സമഗ്ര അപകട ഇൻഷുറൻസ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. ഇതിനുപുറമേ, ആയിരത്തിലധികം വരുന്ന വിശുദ്ധിസേനാംഗങ്ങൾക്ക് പ്രത്യേകമായി അപകട സുരക്ഷാ പദ്ധതി സംസ്ഥാന സർക്കാരുമായി ചേർന്ന് തുടക്കമിട്ടിട്ടുണ്ട്.

അഞ്ച് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസാണ് ദേവസ്വം ജീവനക്കാരുടെയും ഭക്തജനങ്ങളുടെയും പദ്ധതിയിലുള്ളത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലാ പരിധിയിൽ അപകടം സംഭവിച്ചാൽ ഭക്തജനങ്ങൾക്കും ജീവനക്കാർക്കും ഇൻഷുറൻസിന്റെ പ്രയോജനം ലഭിക്കും. വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിംഗ് വഴി എത്തുന്ന ഭക്തർ ഈ പരിരക്ഷയിൽ വരും. യുണൈറ്റഡ് ജനറൽ ഇൻഷുറൻസ് കമ്പനി വഴിയാണ് നടപ്പാക്കുന്നത്. ഇതിന്റെ പോളിസി തുക പൂർണ്ണമായും ദേവസ്വം ബോർഡ് വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിശുദ്ധി സേനാംഗങ്ങൾക്കായി പുതുതായി തൊഴിലിടങ്ങളിലെ അപകട ഇൻഷുറൻസ് പരിരക്ഷാ പദ്ധതി സർക്കാരും ദേവസ്വം ബോർഡും സംയുക്തമായി നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം ആയിരത്തോളം വരുന്ന ശുചീകരണ തൊഴിലാളികൾക്കും താൽപര്യമുള്ള ഡോളി തൊഴിലാളികൾക്കുമാണ് ലഭിക്കുന്നത്. ഇന്ത്യാ പോസ്റ്റൽ പേയ്‌മെന്റ് ബാങ്ക് മുഖേനയാണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്.

ഈ പദ്ധതിയിൽ അംഗത്വം നൽകുന്ന നടപടികൾ ആരംഭിച്ചതായി ശബരിമല എഡിഎം അരുൺ എസ് നായർ പറഞ്ഞു. തൊഴിൽ സംബന്ധമായ അപകടം കാരണം മരണം സംഭവിക്കുകയാണെങ്കിൽ പത്ത് ലക്ഷം രൂപയും പൂർണ്ണമായ വൈകല്യം സംഭവിച്ചാൽ 10 ലക്ഷം രൂപയും ഭാഗികമായി അംഗവൈകല്യം സംഭവിച്ചാൽ അഞ്ച് ലക്ഷം രൂപയും ലഭിക്കും. കുട്ടികൾ വിദ്യാർത്ഥികളാണെങ്കിൽ വിദ്യാഭ്യാസ ആനുകൂല്യവും പദ്ധതിയിലുണ്ട്. 499 രൂപ പ്രീമിയം നിരക്കിൽ ഒരു വർഷത്തേക്കാണ് ഇൻഷുറൻസ് ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
<BR>
TAGS : SABARIMALA
SUMMARY : Insurance coverage for Sabarimala pilgrims

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *