ഹൈദരാബാദും കൊൽക്കത്തയും നേർക്കുനേർ; ഐപിഎല്ലിൽ കലാശപ്പോര് നാളെ

ഹൈദരാബാദും കൊൽക്കത്തയും നേർക്കുനേർ; ഐപിഎല്ലിൽ കലാശപ്പോര് നാളെ

ഐപിഎല്‍ ഫൈനല്‍ നാളെ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് കലാശപ്പോരില്‍ ഏറ്റുമുട്ടുക. ലീഗ് റൗണ്ടില്‍ പോയന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ഫൈനലില്‍ എത്തിയത് എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്. രാത്രി 7.30ന് മത്സരം ആരംഭിക്കും.

2012,2014 വര്‍ഷങ്ങളില്‍ കൊല്‍ക്കത്ത ഐപിഎല്‍ ജേതാക്കളായപ്പോള്‍ സണ്‍റൈസേഴ്‌സ് 2016ല്‍ കിരീടത്തില്‍ മുത്തമിട്ടു. 2009ല്‍ ഹൈദരാബാദില്‍ നിന്നുള്ള മുന്‍ ടീമായ ഡെക്കാന്‍ ചാര്‍ജേഴ്‌സും കിരീടം നേടിയിട്ടുണ്ട്. രണ്ട് ടീമുകള്‍ക്കും ഐപിഎല്‍ ഫൈനലില്‍ തോല്‍വി അറിഞ്ഞതിന്റെ കഥയും പറയാനുണ്ട്. 2021ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് കൊല്‍ക്കത്ത തോല്‍വി വഴങ്ങിയപ്പോള്‍ സിഎസ്‌കെയോട് തന്നെയാണ് 2018ല്‍ ഹൈദരാബാദിന്റേയും ഫൈനലിലെ തോല്‍വി.

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയമാണ് കലാശപ്പോരാട്ടത്തിന് വേദിയാകുന്നത്‌‌. മഴ ഈ കളിക്ക് ഭീഷണിയാകുമോ എന്ന ആശങ്ക ക്രിക്കറ്റ് പ്രേമികൾക്കുണ്ട്. എന്നാൽ നിലവിലെ കാലാവസ്ഥ പ്രവചനം ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം സമ്മാനിക്കുന്നതാ‌ണ്. ഐപിഎൽ ഫൈനൽ നടക്കുന്ന ചെന്നൈയിൽ ഞായറാഴ്ച മഴ പെയ്യാൻ സാധ്യത ഇല്ലെന്നാണ് കാലാവസ്ഥ പ്രവചനം. എന്നാൽ ചെന്നൈയിലെ കാലാവസ്ഥയിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരാമെന്നതും ഇവിടുത്ത കാലാവസ്ഥ പലപ്പോളും പ്രവചനാതീതമാണ് എന്നതും കണക്കിലെടുക്കുമ്പോൾ മഴ പെയ്യാനുള്ള സാധ്യത പൂർണമായി തള്ളിക്കളയാനും കഴിയില്ല.

ഫൈനലിന് റിസര്‍വ് ദിനമുള്ളതിനാല്‍ നാളെ മഴ മുടക്കിയാലും മത്സരം മറ്റന്നാള്‍ നടക്കും. ഞായറാഴ്ച മത്സരം എവിടെവെച്ച് നിര്‍ത്തിവെക്കുന്നുവോ അവിടം മുതലായിരിക്കും മത്സരം വീണ്ടും പുനരാരാംഭിക്കുക.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *