ജൂനിയര്‍ അഭിഭാഷകയ്ക്ക് സീനിയര്‍ അഭിഭാഷകന്‍റെ ക്രൂര മര്‍ദനം

ജൂനിയര്‍ അഭിഭാഷകയ്ക്ക് സീനിയര്‍ അഭിഭാഷകന്‍റെ ക്രൂര മര്‍ദനം

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയില്‍ ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം. ജൂനിയർ അഭിഭാഷക ശ്യാമിലിയെ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ആണ് മർദ്ദിച്ചത്. യുവതിയുടെ മുഖത്ത് ഗുരുതര പരുക്കേറ്റിട്ടുണ്ട്. അഭിഭാഷകൻ മോപ്സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്ന് യുവതി പറഞ്ഞു. അഭിഭാഷക ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

മുഖത്ത് ക്രൂരമായി മര്‍ദിച്ചതിന്‍റെ പാടുകള്‍ കാണാം. കവിളില്‍ ആഞ്ഞടിക്കുകയായിരുന്നു. ഇയാള്‍ ജൂനിയര്‍ അഭിഭാഷകരോട് വളരെ മോശമായാണ് പെരുമാറാറുള്ളത് എന്ന് മര്‍ദനമേറ്റ അഭിഭാഷക പറഞ്ഞു. മര്‍ദിച്ചതിന്‍റെ കാരണം കൃത്യമായി അറിയില്ല എന്നാണ് അഭിഭാഷക പറയുന്നത്. ബെയ്‌ലിന്‍റെ കൂടെ മറ്റൊരു ജൂനിയര്‍ വന്നിട്ടുണ്ടെന്നും അയാള്‍ മുമ്പും ബെയ്‌ലിന്‍റെ കൂടെ ജോലി ചെയ്തിട്ടുള്ളതാണ്.

അയാള്‍ ശ്യാമിലി ചെയ്യാത്ത ഒരു കാര്യം ബെയ്‌ലിനോട് പരാതിയായി ചെന്ന് പറഞ്ഞിരുന്നു. അതിന്‍റെ പേരില്‍ ശ്യാമിലിയെ പുറത്താക്കുമെന്ന് ബെയിലിന്‍ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് രണ്ട് ദിവസം ശ്യാമിലി ഓഫീസില്‍ പോയില്ല. പിന്നീട് ഈ വിഷയത്തില്‍ ബെയിലിന്‍ ശ്യാമിലിയോട് ക്ഷമ ചേദിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ശ്യാമിലി വീണ്ടും ഓഫീസിലേക്ക് പോകുകയായിരുന്നു. പുതിയതായി വന്ന ജൂനിയറിനോട് തന്‍റെ കാര്യത്തില്‍ ഇടപെടരുതെന്ന് പറയാന്‍ ബെയിലിനോട് ശ്യാമിലി ആവശ്യപ്പെടുകയും ചെയ്തു. അതാണ് ബെയ്‌ലിനെ പ്രകോപിപ്പിച്ചത്. നീ ആരോടാണ് സംസാരിക്കുന്നത് എന്ന് ചോദിച്ചാണ് ഇയാള്‍ ശ്യാമിലിയെ ആ‍ഞ്ഞടിച്ചത്. അതിക്രമത്തെ തുടര്‍ന്ന് വഞ്ചിയൂര്‍ പോലീസിനും ബാര്‍ അസോസിയേഷനും ശ്യാമിലി പരാതി നല്‍കിയിട്ടുണ്ട്.

TAGS : CRIME
SUMMARY : Junior lawyer brutally beaten by senior lawyer

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *