കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലയില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ്

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലയില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ്

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും അമ്മാവനെയും കൊന്ന പ്രതിയായ ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി. കോട്ടയം സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ വെവ്വേറെ അനുഭവിക്കണം. രണ്ട് വർഷം നീണ്ടു നിന്ന വിചാരണയ്ക്കൊടുവിലാണ് വിധി.

ആയുധം കൈവശം വയ്ക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, വീട്ടില്‍ അതിക്രമിച്ച്‌ കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് എട്ട് വർഷം തടവും വിധിച്ചു. ഇതിന് ശേഷമാകും കൊലപാതക കുറ്റത്തിന്‍റെ ശിക്ഷയായ ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടി വരിക. പ്രതി 20 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു.

പ്രതിയുടെ സഹോദരൻ രഞ്ജു കുര്യൻ, മാതൃസഹോദരൻ മാത്യൂസ് സ്കറിയ എന്നിവരാണ് കൊല്ലപ്പെട്ടത്. കേസില്‍ ജോര്‍ജ് കുര്യൻ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2022 മാര്‍ച്ച്‌ ഏഴിനാണ് കൊലപാതകം നടന്നത്. പിതാവിന്‍റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കര്‍ 48 സെന്‍റ് സ്ഥലം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

തർക്ക പരിഹാരത്തിന് രഞ്ജു കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ എത്തിയത്. ഇതിനിടെ രഞ്ജുവും ജോര്‍ജും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ജോര്‍ജ് തന്‍റെ കൈയിലുണ്ടായിരുന്ന റിവോള്‍വര്‍ എടുത്ത് വെടിവയ്ക്കുകയുമായിരുന്നു. രഞ്ജു കുര്യൻ സംഭവസ്ഥലത്തു വച്ചും മാത്യൂസ് സ്കറിയ രണ്ടാം ദിനം ആശുപത്രിയില്‍ വച്ചും മരിച്ചു.

TAGS : CRIME
SUMMARY : Kanjirapally Double Murder Accused Gets Double Life Imprisonment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *