ടി-20 ലോകകപ്പ്; സ്കോട്ട് ലൻഡ്, അയർലൻഡ് ടീമുകളെ സ്പോൺസർ ചെയ്ത് കർണാടക മിൽക്ക് ഫെഡറേഷൻ

ടി-20 ലോകകപ്പ്; സ്കോട്ട് ലൻഡ്, അയർലൻഡ് ടീമുകളെ സ്പോൺസർ ചെയ്ത് കർണാടക മിൽക്ക് ഫെഡറേഷൻ

ബെംഗളൂരു: ടി -20 ലോക കപ്പില്‍ രണ്ടു ടീമുകളെ സ്‌പോണ്‍സര്‍ ചെയ്ത് കർണാടക മിൽക്ക് ഫെഡറേഷൻ ബ്രാന്‍ഡ് ആയ നന്ദിനി. സ്‌കോട്ട്ലന്‍ഡ്, അയര്‍ലന്‍ഡ് ടീമുകളുടെ ഔദ്യോഗിക സ്‌പോണ്‍സര്‍ ഇനി നന്ദിനിയായിരിക്കും.

നന്ദിനിയെ ആഗോള ബ്രാന്‍ഡ് ആക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മലേഷ്യ, വിയറ്റ്‌നാം, സിംഗപ്പൂര്‍, യുഎസ്എ, യുഎഇ എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ നന്ദിനിക്കു വൻ സാന്നിധ്യമുണ്ട്. ലോക നിലവാരത്തിലുള്ള ഡയറി ഉത്പന്നങ്ങള്‍ ആഗോളതലത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് സിദ്ധരാമയ്യ എക്സ് വഴി അറിയിച്ചു.

നന്ദിനി ബ്രാന്‍ഡ് പേര് പതിച്ച ജഴ്‌സിയുമായി സ്‌കോട്ട്‌ലാന്‍ഡ് ടീം നായകന്‍ റിച്ചി ബെറിങ്ടണ്‍ നില്‍ക്കുന്ന ചിത്രവും സിദ്ധരാമയ്യ പങ്കുവച്ചിട്ടുണ്ട്. കെ.എം.എഫിന്റെ നന്ദിനിയെന്ന പാൽ ബ്രാൻഡ് ഏറെ ജനപ്രീയമാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ ക്ഷീരോത്പാദക സഹകരണ പ്രസ്ഥാനമാണ് നന്ദിനിയുടെ ഉത്പാദകരായ കെഎംഎഫ്. ജൂൺ ഒന്നിന് ആരംഭിക്കുന്ന ടി-20 ലോകകപ്പ് വിൻഡീസിലും അമേരിക്കിലുമായാണ് നടക്കുന്നത്. ഇത്തവണ 20 ടീമുകളാണ് കിരീടത്തിന് വേണ്ടി പോരടിക്കുന്നത്.

ഇതോടൊപ്പം കെ.എം.എഫ് പുതിയൊരു ഉത്പന്നം കൂടി ഉടനെ വിപണിയിലെത്തിക്കും. മോരിൽ നിന്ന് ഉണ്ടാക്കുന്ന എൻർജി ഡ്രിങ്കാണ് അവർ പുറത്തിറക്കുന്നത്. യു.എസ് മാർക്കറ്റിലാകും പുതിയ ഡ്രിങ്ക് ആദ്യമെത്തുക. ഇരുടീമുകളെയും സ്പോൺസർ ചെയ്യുന്ന കാര്യം യാഥാർത്ഥ്യമാണെന്ന് കെ.എം.എഫ് മാനേജിം​ഗ് ഡയറക്ടർ എം.കെ ജ​ഗദീഷ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജൂൺ ഒന്നിന് അമേരിക്കയും കാനഡയിലും തമ്മിലാണ് ഉദ്ഘാടന മത്സരം. 9 വേദികളിൽ 55 മത്സരങ്ങളാണ് നടക്കുക. ഇതാദ്യമാണ് ഒരു ഐസിസി ടൂർണമെന്റിന് അമേരിക്ക വേദിയാകുന്നത്.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *