തമിഴ്‌നാടിന് പ്രതിദിനം ഒരു ടിഎംസി കാവേരി ജലം വിട്ടുനൽകണമെന്ന് കർണാടകയ്ക്ക് നിർദേശം

തമിഴ്‌നാടിന് പ്രതിദിനം ഒരു ടിഎംസി കാവേരി ജലം വിട്ടുനൽകണമെന്ന് കർണാടകയ്ക്ക് നിർദേശം

ബെംഗളൂരു: ജൂലൈ 12 മുതൽ 31 വരെ തമിഴ്‌നാടിന് കാവേരി നദിയില്‍ നിന്ന് പ്രതിദിനം 1 ടിഎംസി (11,500 ക്യുസെക്സ്) ജലം വിട്ടുനൽകണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സിഡബ്ല്യുആർസി) കർണാടക സംസ്ഥാനത്തോട് ശുപാർശ ചെയ്‌തു. വ്യാഴാഴ്ച ചേർന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

അതേസമയം, തമിഴ്‌നാടിന് വെള്ളം വിട്ടുനൽകുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കാൻ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി ജൂലൈ 25 വരെ കാത്തിരിക്കണമെന്നാണ് സംസ്ഥാന ജലവിഭവ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും സംഘം യോഗത്തിൽ അറിയിച്ചത്. കാവേരിയിലെ 4 ജലസംഭരണികൾ നീരൊഴുക്കിന്‍റെ അഭാവത്തിൽ പ്രതിസന്ധിയിലാണെന്നും സംഘം ചൂണ്ടിക്കാട്ടി. ജൂൺ 1 മുതൽ ജൂലൈ 9 വരെ കർണാടകയിലെ നാല് റിസർവോയറുകളിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് 41.651 ടിഎംസി ആണ്.

കർണാടകയിലെ കെആർഎസും കബനിയും ഉൾപ്പെടെ നാല് റിസർവോയറുകളിലെ ജലത്തിന്റെ ഒഴുക്ക് കമ്മി 28.71 ശതമാനം ആണെന്നും വിദഗ്‌ധര്‍ പറഞ്ഞു. നിലവിൽ 58.66 ടിഎംസി ജലമാണ് കാവേരി ജലസംഭരണികളിലുള്ളത്. മേട്ടൂരിൽ നിന്ന് 4.905 ടിഎംസി വെള്ളവും ഭവാനിയിൽ നിന്ന് 0.618 ടിഎംസി വെള്ളവും (ആകെ 5.542 ടിഎംസി) നദിയിലേക്ക് തുറന്നുവിട്ടു. കൂടാതെ 24.705 ടിഎംസി ജലം തമിഴ്‌നാടിന്‍റെ മൂന്ന് സംഭരണികളിലാണ്.

TAGS: KARNATAKA | CAUVERY WATER
SUMMARY: Cauvery panel directs Karnataka to release 1 TMC of water to TN every day

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *