കർണാടകയിൽ മിനിമം തൊഴിൽ വേതനം വർധിപ്പിച്ചേക്കും

കർണാടകയിൽ മിനിമം തൊഴിൽ വേതനം വർധിപ്പിച്ചേക്കും

ബെംഗളൂരു: കർണാടകയിൽ മിനിമം തൊഴിൽ വേതനം വർധിപ്പിച്ചേക്കും. വിദഗ്ധ തൊഴിലാളികൾക്കും അവിദഗ്ധ തൊഴിലാളികൾക്കും ഏറ്റവും ഉയർന്ന മിനിമം വേതനം വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ മുൻനിര സംസ്ഥാനമായി ഇതോടെ സംസ്ഥാനം മാറുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. വേതന വർധനവ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ അന്തിമമാക്കും.

2022-ൽ തൊഴിൽ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം, സംസ്ഥാനത്തിന്റെ നിലവിലെ മിനിമം വേതനം പ്രതിമാസം 12,000 രൂപ മുതൽ 20,000 രൂപ വരെയാണ്. സംഘടിതവും അസംഘടിതവുമായ വിവിധ മേഖലകളിലായി ഏകദേശം 1.7 കോടി തൊഴിലാളികൾ കർണാടകയിൽ ജോലി ചെയ്യുന്നുണ്ട്. വേതന പരിഷ്കരണം സംബന്ധിച്ച കരട് വിജ്ഞാപനം കർണാടക മിനിമം വേതന ഉപദേശക ബോർഡിന് മുമ്പിൽ അവതരിപ്പിക്കും. തുടർന്ന് വിവിധ വിഭാഗങ്ങൾക്കുള്ള വേതനം ശുപാർശ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മിനിമം വേതനത്തിൽ ഗണ്യമായ വർദ്ധനവ് വേണമെന്ന് അടുത്തിടെ ട്രേഡ് യൂണിയനുകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രതിമാസം 35,000 രൂപയുടെ വർധനവാണ് ആവശ്യപ്പെട്ടത്.

എന്നാൽ മിനിമം വേതന വർധന ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്ന് തൊഴിൽ മന്ത്രി സന്തോഷ് ലാഡ് വ്യക്തമാക്കി. നിർദ്ദേശം തൊഴിൽ ബോർഡിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ, ഇന്ത്യയിലെ ഏറ്റവും ഉയർന്ന മിനിമം വേതനം ഡൽഹിയിലാണ്. പ്രതിമാസം 17,000 രൂപ മുതൽ 23,000 രൂപ വരെയാണ് ഡൽഹിയിൽ നൽകുന്നത്.

TAGS: KARNATAKA | SALARY
SUMMARY: Karnataka likely to revise minimum wages

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *